സി.എച്ച് സെന്റർ പുരസ്കാരം ജമാൽ മനയത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിക്കുന്നു
ദുബൈ: തൃശൂരിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന സി.എച്ച് സെന്റർ പ്രവർത്തനങ്ങളെ യു.എ.ഇയിൽ ഏറ്റവും ഭംഗിയായി ഏകോപിപ്പിച്ചതിന് സി.എച്ച് സെന്റർ ഏർപ്പെടുത്തിയ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ പുരസ്കാരം ദുബൈ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ ജമാൽ മനയത്തിന് സമ്മാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ദുബൈ ഫോക്ലോർ സൊസൈറ്റിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
സി.എച്ച് മുഹമ്മദ് കോയയുടെ നാമഥേയത്തിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകൾ മത രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് മനുഷ്യനെ ചേർത്തുപിടിക്കുന്ന, അവന്റെ വേദനകളിൽ ഒരാശ്വാസമായി നിലകൊള്ളുന്ന വലിയ ജനപിന്തുണയുള്ള ജനകീയ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് എക്കാലത്തും ഉയത്തിപ്പിടിക്കുന്ന മനുഷ്യത്വപരമായ സമീപനത്തിന്റെ ഒരു നേർചിത്രം കൂടിയാണ് ഇത്തരം കേന്ദ്രങ്ങൾ. തൃശൂരിൽ പണി പൂർത്തിയാവുന്ന സി.എച്ച് സെന്ററും തീർച്ചയായും പാവപ്പെട്ട മനുഷ്യരുടെ ഒരു ആശാകേന്ദ്രമായി മാറുമെന്ന് തങ്ങൾ പറഞ്ഞു.
സി.എച്ച് സെന്റർ തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ, യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി അൻവർ നഹ, ജമാൽ മനയത്ത്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്, ജില്ല സെക്രട്ടറിമാരായ പി.കെ. ഷാഹുൽ ഹമീദ്, ഉസ്മാൻ കല്ലാട്ടയിൽ എന്നിവർ സംസാരിച്ചു.
സി.എച്ച് സെന്റർ തൃശൂർ ജില്ല സെക്രട്ടറി പി.എം. അമീർ സ്വാഗതവും സ്വാഗതസംഘം കൺവീനർ അബ്ദുൽ ഖാദർ ചക്കനാത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.