ദുബൈ: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തോടെ നഷ്ടമായത് മലയാളത്തിന്റെ സുകൃതമാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാഹിത്യ രംഗത്തും സാമൂഹിക ഇടപെടലുകളിലും ഉറച്ച നിലപാടുയർത്തിപ്പിടിച്ച എം.ടിയെന്ന അക്ഷരപ്രതിഭ പകർന്നുനൽകിയത് കാലത്തിന് മായ്ക്കാനാവാത്ത മുദ്രയാണെന്ന് പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ. ഇസ്മായിൽ ദുബൈ കെ.എം.സി.എ ഡയറക്ടർ ഒ.കെ. ഇബ്രാഹിം എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദുബൈ: മലയാളത്തെയും മലയാള ഭാഷയെയും ദേശാതിർത്തികൾക്ക് അപ്പുറം വളർത്തിയ മഹാ പ്രതിഭയായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി എസ്.എം. ജാബിർ വ്യക്തമാക്കി. മലയാള ഭാഷക്കും മലയാള സിനിമക്കും എം.ടിയുടെ നഷ്ടം നികത്താനാവാത്തതാണ്. എം.ടിയുടെ വിയോഗത്തിൽ ഇൻകാസ് യു.എ.ഇ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ: സാഹിത്യ പ്രതിഭയും പ്രശസ്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ അറിയിച്ചു. മലയാള സാഹിത്യത്തിലും സിനിമയിലും മായാത്ത സ്വാധീനം ചെലുത്തി കേരള സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും മാനുഷിക വികാരങ്ങളുടെയും ആത്മാവിനെ തന്റെ മികവാർന്ന കഥ പറച്ചിലിലൂടെ ജീവസ്സുറ്റതാക്കിയ വിശ്വ സാഹിത്യകാരനായിരുന്നു എം.ടി.
നാലുകെട്ട്, രണ്ടാമൂഴം തുടങ്ങിയ ക്ലാസിക്കുകളുടെ സ്രഷ്ടാവായ എം.ടിയുടെ കൃതികൾ ഭാഷക്കും അതിരുകൾക്കും അപ്പുറമാണ്. ഗഹനമായ തത്ത്വചിന്തകളെ ലളിതമായ ആഖ്യാനങ്ങളിലേക്ക് നെയ്തെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും ഞങ്ങളുടെ അഗാധമായ അനുശോചനം.
അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നമുക്കെല്ലാവർക്കും പ്രചോദനമായി തുടരട്ടെയെന്നും പ്രാർഥിക്കുന്നതായി പ്രസിഡന്റ് നിസാര്‍ തളങ്കര അറിയിച്ചു.
അബൂദബി: അന്തരിച്ച വിഖ്യാത സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ വിയോഗം സാഹിത്യലോകത്തിനും മലയാളക്കരക്കും തീരാനഷ്ടമാണെന്ന് അബൂദബി കെ.എം.സി.സി. മലയാള സാഹിത്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചാണ് എം.ടി ഈ ലോകത്തോട് വിടപറയുന്നത്. മലയാളക്കരക്ക് വായനയുടെ വസന്തം തീര്‍ത്താണ് എം.ടി വിട വാങ്ങുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങലും ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസഫും അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
അബൂദബി: എല്ലാതരം വായനക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പെരുന്തച്ചന്റെ വിയോഗത്തില്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അനുശോചിച്ചു.
എം.ടിയുടെ വേര്‍പാട് മലയാള സാഹിത്യത്തിന് നികത്താന്‍ കഴിയാത്തതാണ്. വ്യക്തിയിലും കുടുംബങ്ങളിലും സാമൂഹിക ജീവിതത്തിലും മനുഷ്യവ്യഥകള്‍ പകര്‍ത്തുമ്പോഴും ആത്യന്തികമായി നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്.
‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലൂടെ പ്രവാസ ജീവിതവും തന്മയത്വത്തോടെ വരച്ചുകാട്ടിയ എം.ടി എന്ന മഹാപ്രതിഭയുടെ വേര്‍പാടില്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുല്ല പറപ്പൂര് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ദുബൈ: കേരളത്തിന് പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഓർമ ഭാരവാഹികൾ അറിയിച്ചു. മലയാള സാഹിത്യത്തെ ലോക സാഹിത്യത്തിന്റെ ശ്രേണിയിലേക്ക് കൈപിടിച്ചുയർത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
നോവൽ, കഥ, സിനിമ സംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിലെല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി അനശ്വരതയാർജിച്ച വ്യക്തിത്വമായിരുന്നു. എം.ടി എന്ന ചുരുക്കപ്പേരിൽ കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിന്നു. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി.
അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്കാരിക മാതൃകയായിരുന്നു എം.ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്ത കേൾക്കാത്ത വായിക്കാത്ത ഒരു മലയാളിപോലും ഉണ്ടാവില്ലെന്നത് നമ്മുടെ മനസ്സുകളിൽ അദ്ദേഹത്തിന്റെ വിശിഷ്ട സ്ഥാനം അടയാളപ്പെടുത്തുന്നു. ജ്ഞാനപീഠം മുതൽ പത്മഭൂഷൺവരെ എം.ടിയെ തേടിയെത്തിയിരുന്നു. മലയാളത്തിന്റെ ഈ മഹാപ്രതിഭയുടെ നിര്യാണത്തിൽ ഓർമ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.
ദുബൈ: ‘കാലാതീതമായ രചനകൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എം.ടി. വാസുദേവൻ നായരുടെ വേർപാട് മലയാളികൾക്ക് തീരാനഷ്ടമാണെന്ന് ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പൻ. നിത്യജീവിതത്തിൽ നാം സ്ഥിരമായി കണ്ടുമുട്ടുന്നവരെ ഓർമപ്പെടുത്തുന്നതാണ് എം.ടിയുടെ കഥാപാത്രങ്ങൾ.
മനുഷ്യരുടെ മാനസിക സഞ്ചാരങ്ങളും വ്യഥകളും സാഹചര്യങ്ങളും മനോഹരമായ വാക്കുകളാൽ കോറിയിട്ട മലയാള സാഹിത്യകാരന്മാരിൽ പ്രഥമ സ്ഥാനീയനാണ് എം.ടി. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നമ്മുടെ അഹങ്കാരമായി മാറുന്നതും. ഗൗരവപ്രകൃതിയെങ്കിലും എം.ടിയുടെ ഹൃദയം പക്ഷേ നിർമമയായ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആഴക്കടലാണ്. അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ ഊഷ്മളത അറിയൂ. മലയാള സാഹിത്യ കുലപതിക്ക് ശ്രദ്ധാഞ്ജലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.