റാസല്‍ഖൈമ: എമിറേറ്റില്‍ തര്‍ക്ക-വിതര്ക്കങ്ങളിലകപ്പെട്ട് കാലങ്ങളായി കൈമാറ്റം ചെയ്യപ്പെടാന്‍ സാധിക്കാതിരുന്ന ആറ് സ്വത്തുവകകള്‍ ലേലത്തിലൂടെ വിറ്റഴിച്ച് റാക് കോടതി.
താമസ-വാണിജ്യ കെട്ടിടങ്ങള്‍, അപ്പാര്‍ട്ടുമെന്റുകള്‍, കൃഷി ഭൂമി, ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആസ്തികള്‍ 2.1 കോടി ദിര്‍ഹത്തിനാണ് ലേലത്തില്‍ പോയത്. റാക് കോടതിയുടെയും ഏകീകൃത ലേല കമ്മിറ്റിയുടെയും മേല്‍നോട്ടത്തിലായിരുന്നു ലേല നടപടികള്‍.
ലേലത്തില്‍ ലിസ്റ്റ് ചെയ്ത ആറ് പ്രോപ്പര്‍ട്ടികളില്‍ അഞ്ചെണ്ണത്തിന്റെയും വില്പന വിജയകരമായി.
വ്യവഹാരങ്ങളിലകപ്പെട്ട സ്വത്തുവകകളുടെ യഥാര്‍ഥ ഉടമകള്‍ക്കും അതിലെ വാടകക്കാര്‍ക്കും പരമാവധി മൂല്യം ലഭ്യമാക്കുകയും അത് സ്വന്തമാക്കുന്നവര്‍ക്ക് ഭാവിയില്‍ പ്രയാസമേതുമില്ലാതെ അനുഭവിക്കാനും അവസരമൊരുക്കുകയെന്നതാണ് ജുഡീഷ്യല്‍ ലേലങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് റാക് കോടതി ചീഫ് ജഡ്ജി അഹ്മദ് മുഹമ്മദ് അല്‍ ഖത്രി പറഞ്ഞു.
ലേലത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ റിമോട്ട് ബിഡ്ഡിങ് ഓപ്ഷനുകളും റാക് കോടതി അവതരിപ്പിച്ചിരുന്നു.
ഇതിലൂടെ നിക്ഷേപകര്‍ക്ക് ലോകത്തെവിടെയും ഇരുന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. ലേലം ചെയ്യപ്പെട്ട സ്വത്തുവകകളെക്കുറിച്ച് വിപുലമായ വിപണന തന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കി. സമൂഹ മാധ്യമങ്ങളിലൂടെയും കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും നേരത്തേതന്നെ വിവരങ്ങള്‍ നല്കി.
വിജയകരമായ ലേലത്തിലൂടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ന്യായമായും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത റാസല്‍ഖൈമ കോടതി വീണ്ടും ഉറപ്പിച്ചതായും ജസ്റ്റിസ് അഹ്മദ് മുഹമ്മദ് അല്ഖത്രി വ്യക്തമാക്കി.
സുതാര്യ പ്രക്രിയകളിലൂടെ ആസ്തികള്‍ സ്വന്തമാക്കാന്‍ കഴിയുന്നതിനാല്‍ നിരവധി ബില്‍ഡര്‍മാരാണ് ലേലത്തില്‍ പങ്കെടുത്തത്. പ്രോപ്പര്ട്ടികള്ക്കുണ്ടായ ഡിമാന്റ് റാസല്‍ഖൈമയുടെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ലേലത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.