ദുബൈ: സാമ്പത്തിക ശക്തിയിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഉൾപ്പെടാൻ വൻ കുതിപ്പ് ലക്ഷ്യംവെക്കുന്ന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 2033ഓടെ പൂർത്തിയാകുന്ന ദുബൈ സാമ്പത്തിക അജണ്ട(ഡി 33) എന്ന പദ്ധതിയിൽ നൂറിലധികം സംരംഭങ്ങളിലൂടെ കോടിക്കണക്കിന് ദിർഹം സമ്പദ്വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നാകാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള 400 നഗരങ്ങളുമായി പുതിയ വ്യാപാര പാതകൾ തുറക്കുമെന്ന് ശൈഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപിച്ച് ട്വിറ്ററിൽ കുറിച്ചു. 30 സ്വകാര്യ കമ്പനികളെ ഒരു ബില്യൻ ഡോളറിന്റെ മൂല്യമുള്ളവയാക്കി വളർത്താനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. 65,000 ഇമാറാത്തികളെ തൊഴിൽ വിപണിയിലേക്ക് കൊണ്ടുവരാനുള്ള ലക്ഷ്യവും ഡി 33 പദ്ധതിയിൽ ഉൾപ്പെടും. നഗരത്തിലേക്ക് പുതിയ സർവകലാശാലകളെ ആകർഷിക്കാനും ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനും വിവിധ പദ്ധതികൾ ആവിഷ്കരിക്കും. അടുത്ത ദശകത്തിൽ വിദേശ വ്യാപാരം 25 ട്രില്യൺ ദിർഹമായി ഉയർത്താനും 700 ബില്യൺ ദിർഹം കവിയുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ഡിജിറ്റൽ പദ്ധതികൾ പ്രതിവർഷം 100 ബില്യൺ ദിർഹം ദുബൈയുടെ സമ്പദ്വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കുമെന്നും നഗരത്തിൽ മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുണ്ടെന്നും ശൈഖ് മുഹമ്മദ് ട്വീറ്റിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നായ ദുബൈയോടൊപ്പം ചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ വൈസ്പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും 17 വർഷം പൂർത്തിയാക്കിയ ദിവസത്തിലാണ് സുപ്രധാനമായ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ന്യൂയോർക്ക്, ലണ്ടൻ, ഹോങ്കോങ്, ഷാങ്ഹായ്, സിംഗപ്പൂർ, സാൻ ഫ്രാൻസിസ്കോ എന്നിവയാണ് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികയിലുള്ളത്. ഇതിൽ ആദ്യ സ്ഥാനങ്ങളിലേക്ക് കുതിച്ചുയരാനാണ് ദുബൈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.