ദുബൈ: ദുബൈയിലെത്തിയ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, രാസവള മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പനും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കുള്ള ആരോഗ്യ പദ്ധതി നിർദേശിക്കുകയും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഇന്ത്യ ഗ്ലോബല്‍ ഫോറത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കൊപ്പം, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍, ഇന്ത്യന്‍ അംബാസഡര്‍ സുന്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ ഡോ. അമന് പുരി, പ്രമുഖ സംരംഭകര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജോലിയില്‍നിന്ന് വിരമിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ പിന്നീട് മാരക രോഗങ്ങള്‍ പിടിപെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവാനാവാതെ പ്രയാസപ്പെടുന്ന ദുരവസ്ഥയെക്കുറിച്ച് നോര്‍ക്ക ഡയറക്ടര്‍ കൂടിയായ ഡോ. ആസാദ് മൂപ്പന് സൂചിപ്പിച്ചു. ആയുഷ്മാന്‍ ഭാരതില്‍ പ്രവാസികളെ ഉള്‍പ്പെടുത്തല്‍, മടങ്ങിവന്ന പ്രവാസികള്‍ക്കുള്ള പങ്കാളിത്ത ഇന്‍ഷുറന്‍സ് എന്നീ രണ്ട് പദ്ധതികള്‍ പരിഗണിക്കണമെന്ന് അഭ്യർഥിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചു.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള പങ്കാളിത്ത ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസികൾ വിദേശത്ത് ജോലി ചെയ്യുമ്പോള്‍ അടക്കുന്ന രീതിയിലാണ് സംവിധാനിക്കേണ്ടത്.
പൊതുവേ, പ്രവാസികള്‍ 25 30 വയസ്സ് മുതല്‍ വിദേശത്ത് ജോലി ചെയ്യാന്‍ തുടങ്ങുകയും 60 വയസ്സിന് ശേഷം വിരമിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യുന്നു. അവര്‍ക്ക് 20 മുതല്‍ 30 വര്‍ഷം വരെ പ്രീമിയം തുക ചെറിയ തവണകളായി അടക്കാം. ഈ രീതിയില്‍, അവര്‍ രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ തന്നെ ഗണ്യമായ തുക ശേഖരിക്കപ്പെടും.
ഇത് ഓരോ പ്രവാസിക്കും അവരുടെ ജീവിതപങ്കാളിക്കും ജീവിതകാലം മുഴുവന്‍ ആരോഗ്യ പരിരക്ഷ കവറേജ് നല്‍കുന്നതിന് ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.