ദുബൈ: നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കരുതെന്ന മുന്നറിയിപ്പുമായി ട്വിറ്റർ ഉടമയും കോടീശ്വരനുമായ ഇലോൺ മസ്ക്. ആഗോള സർക്കാർ ഉച്ചകോടി വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധി അടക്കമുള്ള മേഖലയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ടെസ്ലയുടെ ഉടമകൂടിയാണ് ഇദ്ദേഹം. ലോകം നിർമിതബുദ്ധിക്ക് ഒരു ബ്രേക്കിടേണ്ട സാഹചര്യമുണ്ടെന്നും കുട്ടികളെ അമിതമായി പഠിക്കാൻ പ്രേരിപ്പിക്കരുതെന്നും പ്രസ്താവിച്ച അദ്ദേഹം അന്യഗ്രഹജീവികൾ നിലവിലില്ലെന്നാണ് വിശ്വസിക്കുന്നതെന്നും പറഞ്ഞു. അരമണിക്കൂർ നീണ്ട സംവാദത്തിൽ യു.എ.ഇ കാബിനറ്റ് മന്ത്രി മുഹമ്മദ് അൽ ഗർഗാവിയുമായാണ് ഇലോൺ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
തന്റെ 20 മണിക്കൂർ പ്രവൃത്തി ദിവസത്തെക്കുറിച്ച് സംസാരിച്ച മസ്ക് താരതമ്യേന അസാധാരണവും വേദനജനകവുമാണെന്ന് അഭിപ്രായപ്പെട്ടു. അതിനിടെ ട്വിറ്ററിന് പുതിയ സി.ഇ.ഒയെ ഈവർഷം അവസാനത്തോടെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയ ഉടൻ സ്ഥാപനത്തിന്റെ മുൻ മേധാവി പരാഗ് അഗർവാളും മറ്റ് എക്സിക്യൂട്ടിവുകളും അടക്കം പകുതി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
തെറ്റായ വിവരങ്ങൾ ട്വിറ്റർ വഴി കൈമാറ്റം ചെയ്യപ്പെടുന്നത് സംബന്ധിച്ച ചോദ്യത്തിന് ‘സത്യത്തിനായി ഒരു മത്സരം’ ഉണ്ടെന്നായിരുന്നു മറുപടി. സർക്കാറുകൾക്കും പൊതു വ്യക്തികൾക്കും വെരിഫൈഡ് അക്കൗണ്ടുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.