ദുബൈ: ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ലോക ഹിന്ദി ദിനാഘോഷത്തിൽ താരമായത് ഹിന്ദിയിൽ തകർപ്പൻ പ്രസംഗം നടത്തിയ ഇമാറാത്തി യുവാവ്. എമിറേറ്റ്സ് എയർലൈനിൽ ജോലി ചെയ്യുന്ന ഫൈസൽ മുഹമ്മദ് അൽ ബസ്താക്കിയാണ് ഹിന്ദി ദിനാചരണത്തിൽ ഹിന്ദി ഭാഷയിൽ പ്രസംഗം കാച്ചി സദസ്സിനെ വിസ്മയിപ്പിച്ചത്. ഇന്ത്യയും യു.എ.ഇയുമായുള്ള ബന്ധങ്ങളും ഇഴയടുപ്പം പരാമർശിച്ച ബസ്താക്കി, രാജ്യത്തെ മിക്ക അറബികൾക്കും ഇപ്പോൾ ഹിന്ദി പറഞ്ഞാൽ മനസ്സിലാകുമെന്ന സ്ഥിതിയിലെത്തിയതായും പ്രസംഗത്തിനിടെ സൂചിപ്പിച്ചു.
ദുബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ മസൂദ് അഹ്മദ് അസീസിയാണ് ഹിന്ദിയിൽ സംസാരിച്ച് സദസ്സിനെ കൈയിലെടുത്ത മറ്റൊരു അതിഥി. ഹിന്ദി സിനിമ ഡയലോഗുകളുടെ അകമ്പടിയോടെ പ്രസംഗിച്ചു തുടങ്ങിയ അസീസി അഫ്ഗാനികൾക്ക് ഹിന്ദി ഭാഷയിലുള്ള അവഗാഹവും ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. നിരവധി റെക്കോഡുകൾ സ്വന്തമാക്കിയ സുഹൈൽ മുഹമ്മദ് അൽ സറൂണി, റൂധ യാക്കൂബ് അൽ ഷംസി, ഫാതിമാ അൽ ഖജ എന്നിവരും അതിഥികളായി ഇന്ത്യൻ, യു.എ.ഇ രാജ്യക്കാരോടൊപ്പം അതിഥികളായി ഹിന്ദി ദിനാഘോഷത്തിൽ പങ്കാളികളായി.
ഹിന്ദി സംസാരിക്കാനുള്ള അതിഥികളുടെ ശ്രമങ്ങളെ അഭിനന്ദിച്ച ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമാൻ പുരി, അതിർത്തികൾക്കിടയിൽ ഹിന്ദി എങ്ങനെ സ്വത്വം നേടിയെന്ന കാര്യം വ്യക്തമാക്കുന്നതാണ് ഇത്തരം കാഴ്ചകളെന്ന് ചൂണ്ടിക്കാട്ടി. വിദേശത്ത് താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും അദ്ദേഹം വായിച്ചു. വിദേശത്ത് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിൽ നിരവധി സ്ഥാപനങ്ങളും അധ്യാപകരും വഹിച്ച പങ്കിനെ കോൺസൽ ജനറൽ പ്രശംസിച്ചു. ഹിന്ദിയോട് സ്നേഹം പ്രകടിപ്പിച്ച യു.എ.ഇയിലെ എല്ലാ ആളുകളെയും അഭിനന്ദിച്ച അദ്ദേഹം അതിഥികളെ അനുമോദിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.