ലക്ഷദ്വീപിന്​ ഐക്യദാർഢ്യമായി പ്രവാസിയുടെ പാട്ട്

ഷാർജ: കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താനക്കും ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ചലച്ചിത്ര നടി ഉഷ ആലപിച്ച മാപ്പിളപ്പാട്ട് ആലപ്പുഴ എം.പി എ.എം. ആരിഫ് റിലീസ് ചെയ്​തു.

വാരിയൻ കുന്നത്ത് സീറപ്പാട്ടിലൂടെ പ്രശസ്​തനായ, ഷാർജയിൽ പ്രവാസിയായ നസറുദ്ദീൻ മണ്ണാർക്കാടാണ് വരികൾ എഴുതിയത്. നിഷ്‌ക്കളങ്കരായ ദ്വീപ് ജനതക്ക് നേരെയുള്ള അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സമൂഹത്തി​െൻറ എല്ലാ തുറകളിലുമുള്ള ജനങ്ങൾ രംഗത്തുവരുകയാണെന്നും എ.എം. ആരിഫ് ഗാനം റിലീസ് ചെയ്​ത്​ പറഞ്ഞു.

സാധ്യമായ മാർഗത്തിലൂടെയെല്ലാം ലക്ഷദ്വീപിനെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം അറിയിക്കുന്നതി​െൻറ ഭാഗമായാണ് ഈ ഗാനം ഒരുക്കിയതെന്ന് അണിയറ ശിൽപികൾ പറഞ്ഞു. 'കണ്ടില്ലേ അതിശയ കഥയേറെ പറയുന്ന നമ്മുടെ സ്വന്തം ലക്ഷദ്വീപ് - ആഹാ കേരമരങ്ങൾ തിങ്ങി നീലക്കടലിൽ മുങ്ങിപ്പൊങ്ങി തെങ്ങോല തണലുള്ള ദ്വീപ് ' എന്ന പല്ലവിയിൽ ആരംഭിക്കുന്ന ഗാനം ലക്ഷദ്വീപി​െൻറ സവിശേഷമായ ഭാഷയും സംസ്കാരവും സംഗീതവും ദ്വീപുകാരുടെ നിഷ്ക്കളങ്കതയും ആമുഖമായി പ്രകീർത്തിക്കുന്നുണ്ട്.

പിന്നീടുള്ള വരികൾ ലക്ഷദ്വീപ് ജനതക്കുള്ള തുറന്ന പിന്തുണയാണ് നൽകുന്നത്. ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി തകർക്കാമെന്ന വ്യാമോഹത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന താക്കീതും ഗാനം നൽകുന്നു.വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ സമ്പൂർണ ചരിത്രം വിവരിക്കുന്ന വാരിയൻ കുന്നത്ത് സീറപ്പാട്ട്, കുഞ്ഞാലി മരക്കാർ പടപ്പാട്ട് എന്നിവയാണ് നസറുദ്ദീൻ മണ്ണാർക്കാടി​െൻറ ശ്രദ്ധേയമായ മറ്റു രചനകൾ.

Tags:    
News Summary - Expatriate song in solidarity with Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.