ദുബൈ: ഫാൻസി ആഭരണം നൽകി ആഡംബര ചെറുകിട വിൽപനക്കാരനിൽ നിന്ന് ഒന്നേകാൽ ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യൻ വംശജൻ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ദുബൈ വാണിജ്യ കോടതി. കബളിപ്പിക്കപ്പെട്ടയാൾക്ക് പ്രതി 90,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്.
കഴിഞ്ഞ വർഷമാണ് തട്ടിപ്പ് നടന്നത്. നായിഫിലെ ഷോപ്പിലെത്തിയ തട്ടിപ്പുകാരൻ പ്രീമിയം ബ്രാൻഡ് സ്വർണ വളയാണെന്ന് അവകാശപ്പെട്ട് 125,000 ദിർഹമിന് മൂന്നു വളകൾ വിൽപന നടത്തുകയായിരുന്നു. ഇയാളെ വിശ്വസിച്ച് ഇടപാട് നടത്തിയ കടയുടമ പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വെറും 35,000 ദിർഹം വിലയുള്ള ആഭരണമാണ് നൽകിയതെന്ന് വ്യക്തമായത്. ഇതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഫോറൻസിക് പരിശോധനയിൽ ഒരു വളയിൽ വ്യാജ ഹാൾമാർക്ക് മുദ്രയും പതിച്ചതായി വ്യക്തമായിരുന്നു. 18 കാരറ്റിന്റെ 41 ഗ്രാം തൂക്കമുള്ള വളയാണിത്. ഇതിന് 15,000 മാത്രമാണ് വില.
ബാക്കി രണ്ടെണ്ണവും ആഡംബര ബ്രാൻഡുമായി ബന്ധമില്ലാത്ത വെറും ഫാൻസി വളകളായിരുന്നു.
ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതി വാണിജ്യപരമായ തട്ടിപ്പ് നടത്തിയതായി കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് 90,000 ദിർഹമും അഞ്ച് ശതമാനം പലിശയും ചേർത്ത് നഷ്ടപരിഹാരം നൽകാൻ വിധിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.