ദുബൈ: യാത്രവിലക്ക് മാറിയതോടെ ഗൾഫിലേക്ക് തിരിക്കുന്ന പ്രവാസികളുടെ കുത്തിന് പിടിച്ച് വിമാനക്കമ്പനികൾ. 10,000 രൂപയായിരുന്ന ടിക്കറ്റ് ലക്ഷം രൂപയിലേക്ക് വരെ കുതിച്ചുയർന്നു. വിവിധ ജി.സി.സികളിൽ അവധിക്കാലം കഴിഞ്ഞതും ദുബൈയിൽ എക്സ്പോ തുടങ്ങുന്നതും സന്ദർശക വിസ അനുവദിച്ചതുമാണ് വിമാനക്കമ്പനികൾ മുതലെടുക്കുന്നത്. ദൂരക്കൂടുതലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇത്രവലിയ നിരക്കില്ല. അതേസമയം, ഗൾഫിൽ നിന്ന് കേരളത്തിലെത്താൻ ഇതിെൻറ പത്തിലൊന്ന് തുക മതി.
കേരളത്തിൽ നിന്ന് ഒമാനിലേക്കും കുവൈത്തിലേക്കും ലക്ഷം രൂപക്ക് മുകളിലാണ് നിരക്ക്. ബിസിനസ് ക്ലാസാണെങ്കിൽ ഇതിെൻറ ഇരട്ടി വരും. സീസൺ അല്ലാത്ത സമയങ്ങളിൽ 10000 രൂപയിൽ താഴെയാണ് നിരക്ക് വരുന്നത്. കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് 37,000 രൂപ മുതലാണ് ടിക്കറ്റ് തുടങ്ങുന്നത്. എന്നാൽ, ദുബൈയിൽനിന്ന് കൊച്ചിയിലെത്താൻ 5000 രൂപ മതി. ബഹ്റൈനിലേക്ക് 30,000, ഖത്തറിലേക്ക് 22,000 ആണ് ശരാശരി നിരക്ക്. ഒരു മണിക്കൂറിനിടെ 5000 രൂപയുടെ വരെ വ്യത്യാസം കാണിക്കുന്നതായി ട്രാവൽ ഏജൻസികൾ പറയുന്നു. സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിൽ പോയവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് തിരികെ വരാൻ അവസരം. ഇവരിൽനിന്ന് 20,000 രൂപയുടെ മുകളിലാണ് ഈടാക്കുന്നത്.
സൗദിയിലേക്ക് നേരിട്ടെത്താൻ അനുമതിയില്ലാത്ത പ്രവാസികൾ മറ്റ് ഗൾഫ് രാജ്യങ്ങൾ വഴിയാണ് പോകുന്നത്. ഇവരുടെ ദുരിതം ഇരട്ടിയായി. യാത്രാവിലക്ക് മാറിയതോടെ നിരക്ക് വർധന തുടങ്ങിയിരുന്നു. ദിവസവും കൂടുന്ന അവസ്ഥയാണ്. യാത്രക്കാരുടെ എണ്ണം കൂടുന്നതാണ് വിമാനക്കമ്പനികൾ മുതലെടുക്കുന്നത്. ദുബൈ വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്ന് ദിവസവും 10,000ൽ കൂടുതൽ യാത്രക്കാർ എത്തുന്നുണ്ടെന്നാണ് കണക്ക്. ടിക്കറ്റ് നിരക്കിന് പുറമെ നാട്ടിലെ വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആർ പരിശോധനയുടെ പേരിലും ചൂഷണം നടക്കുന്നുണ്ട്. യു.എ.ഇയിലേക്ക് പോകുന്ന യാത്രക്കാർ ആറ് മണിക്കൂറിനുള്ളിലെടുക്കുന്ന റാപിഡ് പി.സി.ആർ പരിശോധനക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ 2500 മുതൽ 3400 രൂപ വരെ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.