ഷാർജ: വ്യാഴാഴ്ച പുലർച്ച എമിറേറ്റിലെ ദൈദ് കോട്ടക്ക് സമീപത്തെ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു. പരമ്പരാഗത ഇമാറാത്തി വസ്തുക്കൾ വിൽക്കുന്ന കടകളാണ് കത്തിനശിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുലർച്ച 3.14ഓടെയാണ് തീപിടിത്തം സംബന്ധിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. അതിവേഗം സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മാർക്കറ്റിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ അഗ്നിശമന സേനാംഗങ്ങൾ നീക്കം ചെയ്തതിനാൽ പൊട്ടിത്തെറി ഒഴിവായി. തീ സമീപത്തെ കിയോസ്കുകളിലേക്ക് പടരുന്നത് തടയാൻ അതിവേഗ ഇടപെടൽ സഹായിക്കുകയും ചെയ്തു.
ദുരിതബാധിതരായ വ്യാപാരികൾക്ക് വലിയ ആശ്വാസമായി അടിയന്തരമായി പകരം കടകൾ ഉടൻ നൽകണമെന്ന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അധികൃതർക്ക് നിർദേശം നൽകി.
ഫർണിച്ചർ, ഷെൽഫുകൾ, എയർ കണ്ടീഷനിങ് എന്നിവ സജ്ജീകരിച്ച കടകൾ മൂന്ന് ദിവസത്തിനകം ഒരുക്കണമെന്നാണ് ഭരണാധികാരി നിർദേശിച്ചിരിക്കുന്നത്. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് പുതിയ കടകൾ നൽകാനും സാമ്പത്തിക നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്.
മരങ്ങളും ഈന്തപ്പനയുടെ വിവിധ ഭാഗങ്ങളും ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ നിർമിച്ചതാണ് മാർക്കറ്റ്. ചെറിയ കടകളിൽ കൂടുതലും പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വിൽക്കുന്നവയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണവും നാശനഷ്ടങ്ങളുടെ കണക്കെടുപ്പും നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.