ദുബൈ: ടൂറിസം മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ആകർഷിക്കുന്നതിൽ ദുബൈ ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. 2021ൽ മാത്രം 30 വ്യത്യസ്ത പദ്ധതികളിലായി 640 കോടി ദിർഹമിന്റെ നിക്ഷേപമാണ് എമിറേറ്റിലേക്ക് ഒഴുകിയത്. നിക്ഷേപ മൂലധനം, പദ്ധതികൾ, ജോലി സാധ്യതകൾ എന്നിവയിലെല്ലാം ദുബൈ മുന്നിലാണെന്ന് ഫിനാൻഷ്യൽ ടൈംസിന്റെ മാർക്കറ്റ് ഡേറ്റ വ്യക്തമാക്കുന്നു. ലോകത്തെ എഫ്.ഡി.ഐ നിക്ഷേപങ്ങളെക്കുറിച്ച ഡേറ്റകൾ പങ്കുവെക്കുന്ന പ്രമുഖ സംവിധാനമാണിത്.
എല്ലാ മേഖലകളിലും ബിസിനസിനും നിക്ഷേപത്തിനും അനുകൂലമായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് എമിറേറ്റ് തുടരുകയാണെന്ന് നേട്ടം പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. ദുബൈയെ കുറിച്ച് നിക്ഷേപകരുടെ വർധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതും ആഗോള വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും കേന്ദ്രമെന്ന നിലയിലെ സ്ഥാനത്തെ ശക്തിപ്പെടുത്തുന്നതുമാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021ൽ വിസ പരിഷ്കരണങ്ങൾ ഉൾപ്പെടെ 40ലധികം മേഖലകളിൽ യു.എ.ഇ ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണങ്ങൾ നടത്തിയിരുന്നു. ഇതെല്ലാം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞവർഷം 72 ലക്ഷം അന്തർദേശീയ ടൂറിസ്റ്റുകൾ ദുബൈയിൽ എത്തിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 32 ശതമാനം വളർച്ചയാണ്. ടൂറിസം രംഗത്തെ വിവിധ സൂചികകളിൽ ലോകത്തെ ഏറ്റവും ആകർഷകമായ സ്ഥലമായി ദുബൈയെ അടയാളപ്പെടുത്തിയിട്ടുമുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ടൂറിസം മേഖലയിൽ മാത്രം 30,000ജോലി സാധ്യതകളാണ് എമിറേറ്റിൽ തുറന്നതെന്നും വിവിധ കണക്കുകൾ വ്യക്തമാക്കുന്നു. ടൂറിസം മേഖല ശക്തമായതോടെ ജൂൺ വരെ ഈ വർഷം റിയൽ എസ്റ്റേറ്റ് മേഖലയിലും 10 ശതമാനം വർധനയുണ്ടായെന്ന് കണക്കുകൾ പുറത്തുവന്നിരുന്നു. ഈ വർഷം 38,901 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. 2009ന് ശേഷം ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്ന വർഷമാണിത്. ആഗോള സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും പണപ്പെരുപ്പവും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലാണ് ദുബൈയിലെ ടൂറിസം, റിയൽ എസ്റ്റേറ്റ് വിപണികൾ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.