അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര വൈദ്യസഹായം സൗജന്യമായി ലഭ്യമാക്കുന്ന ക്ലിനിക്ക് ആരംഭിച്ചു. ബുർജീൽ ഹോൾഡിങ്സുമായി സഹകരിച്ചാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ഇതുസംബന്ധിച്ച കരാറിൽ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലിന സോര്‍ലിനിയും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനായ ഡോ. ഷംഷീര്‍ വയലിലും ഒപ്പുവെച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിന്റെ പ്രവര്‍ത്തനം ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടത്തുക. വിമാനത്താവളത്തില്‍നിന്ന് പുറത്തുപോവാതെ യാത്രികര്‍ക്ക് അടിയന്തര ചികിത്സ തേടാന്‍ ക്ലിനിക്ക് സഹായകമാവും. ആശുപത്രിയിലേക്ക് നീക്കുന്നതിനുമുമ്പ് യാത്രികര്‍ക്ക് പ്രാഥമിക ചികിത്സ നല്കി രോഗിയുടെ നില ഭദ്രമാക്കാന്‍ ക്ലിനിക്കിലെ സേവനം സഹായിക്കും. ആശുപത്രിയിലെ ചികിത്സ വേണ്ടിവരുന്നവരെ ബി.എം.സിയുടെ സമീപ കേന്ദ്രങ്ങളിലെത്തിക്കും.
അബൂദബി വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ക്ലിനിക്കിലെ സേവനം ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണുള്ളത്. പ്രതിവര്‍ഷം 4.5 കോടി യാത്രികര്‍ക്ക് വിമാനത്താവളം വഴി വന്നുപോകാനാവും. നൂതന ബയോമെട്രിക് സൗകര്യവും പരിശോധന സാങ്കേതികവിദ്യയുമുള്ളതിനാൽ യാത്രികര്‍ക്ക് സുഗമമായ വന്നുപോകലാണ് വിമാനത്താവളത്തില്‍ അനുഭവിക്കാനാവുക. ഓരോ യാത്രികന്റെയും യാത്രയുടെ അവിഭാജ്യ ഭാഗമാവാന്‍ ഇതിലൂടെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിക്കാവുമെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സി.ഇ.ഒ ജോണ്‍ സുനില്‍, ഗ്രൂപ് സി.ഒ.ഒ സഫീര്‍ അഹമ്മദ്, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഒമ്രാന് അല്‍ ഖൂരി, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചീഫ് കോര്‍പറേറ്റ് ഓഫിസര്‍ ഹമദ് അല്‍ ഹൊസനി, ബി.എം.സി ഡെപ്യൂട്ടി സി.ഇ.ഒ ഐഷ അല്‍ മഹിരി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.