ദുബൈ: ഗസ്സയിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ യു.എ.ഇ ആരംഭിച്ച ഫ്ലോട്ടിങ് ആശുപത്രിയിൽ 1263 സർജറികൾ പൂർത്തിയാക്കി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായാണ് ഈജിപ്തിലെ അൽ ആരിഷിൽ ഫ്ലോട്ടിങ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. യുദ്ധത്തിനിടെ കൈകാലുകൾ നഷ്ടപ്പെട്ടവർക്ക് ആശുപത്രിയിലെ പ്രോസ്തെറ്റിക്സ് സെന്റർ കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നുണ്ട്.
ഇതുവരെ ഏഴ് രോഗികൾക്ക് കൃത്രിമ അവയവങ്ങൾ നിർമിക്കുന്നതിനുള്ള അളവുകൾ എടുത്തിട്ടുണ്ടെന്നും 25പേർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുകയാണെന്നും അധികൃതർ അറിയിച്ചു. അതോടൊപ്പം ഇത്തരം രോഗികൾക്ക് ഫിസിയോതെറപ്പിയും പുനരധിവാസവും ലഭ്യമാക്കുന്നുണ്ട്. ആശുപത്രിയിലെ മെഡിക്കൽ സംഘം സുഹ എന്ന 35 കാരിയുടെ വലത് ഇടുപ്പ് ജോയന്റിന് പകരം പൂർണ്ണ കൃത്രിമ ജോയന്റ് ഉപയോഗിച്ച് സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുണ്ട്. രണ്ടുമാസത്തെ തുടർചികിത്സക്കുശേഷം അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായും അധികൃതർ അറിയിച്ചു.
ഫ്ലോട്ടിങ് ആശുപത്രി ഈ വർഷം ഫെബ്രുവരി 24 മുതലാണ് ഫലസ്തീനിലെ ജനങ്ങൾക്ക് മെഡിക്കൽ സേവനങ്ങൾ നൽകാൻ തുടങ്ങിയത്. വിവിധ സ്പെഷാലിറ്റികളിൽനിന്നുള്ള ഇമാറാത്തി മെഡിക്കൽ ടീമാണ് ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്നത്. ഗസ്സയിൽനിന്ന് പരിക്കേറ്റവരും കാൻസർ ബാധിതരുമായവരെ യു.എ.ഇയിൽ എത്തിച്ചും ചികിത്സ നൽകുന്നുണ്ട്.
ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഫീൽഡ് ആശുപത്രി സ്ഥാപിച്ച് ചികിത്സ നൽകുന്നതും തുടരുന്നുണ്ട്. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് നിരവധി തവണകളിലായി ഭക്ഷണം അടക്കമുള്ള സഹായങ്ങളും എത്തിച്ചിട്ടുണ്ട്. ദൈംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ് കൂടുതലായും വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.