അബൂദബിയിലെ ഹരിത ബസ്
അബൂദബി: എമിറേറ്റിൽ നമ്പര്‍ 65 റൂട്ടിലെ ബസുകള്‍ ഹരിത ബസ് സര്‍വിസ് ആക്കിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. ഹൈഡ്രജനിലോ ഇലക്ട്രിക് ഊര്‍ജത്തിലോ പ്രവര്‍ത്തിക്കുന്ന ബസുകളാവും ഈ റൂട്ടില്‍ കൂടുതലായി സര്‍വിസ് നടത്തുക. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയും എമിറേറ്റിലെ നഗരഗതാഗതം സുസ്ഥിരമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
2030ഓടെ അബൂദബിയെ പൊതുഗതാഗ ഗ്രീന്‍സോണ്‍ ആക്കി മാറ്റുകയെന്നതും അധികൃതരുടെ ലക്ഷ്യമാണ്. നഗരത്തിലെ പൊതുഗതാഗതത്തിന്റെ 50 ശതമാനവും ഹരിത ബദലുകളിലേക്കു മാറ്റുന്നതിലൂടെ പ്രതിദിനം 200 മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത് നിരത്തുകളില്‍നിന്ന് 14,700 കാറുകളെ ഒഴിവാക്കുന്നതിന് തുല്യമാണ്.
മറീന മാളില്‍നിന്ന് അല്‍ റീം ഐലന്‍ഡുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വിസ് നമ്പര്‍ 65 അബൂദബിയിലെ തിരക്കേറിയ റൂട്ടുകളിലൊന്നാണ്. പ്രതിദിനം രണ്ടായിരം കിലോമീറ്ററാണ് ഈ റൂട്ടില്‍ ബസുകള്‍ ഓടുന്ന ദൂരം. ആറായിരത്തോളം യാത്രികരും ഈ സര്‍വിസുകളിലായി യാത്ര ചെയ്യും. ക്യാപിറ്റല്‍ പാര്‍ക്കിനെയും ഖലീഫ സിറ്റിയെയും ബന്ധിപ്പിക്കുന്ന റൂട്ട് 160, അബൂദബി സിറ്റിയെയും സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റൂട്ട് എ2 എന്നിവയും ഗ്രീന്‍ ലൈന്‍ ബസുകളാക്കി മാറ്റുന്നതിനുള്ള ശ്രമം അധികൃതര്‍ തുടരുകയാണ്. മറീന മാള്‍, അല്‍ റീം ദ്വീപിലെ ശംസ് ബൂട്ടിക് എന്നിവകള്ക്കിടയിലെ റൂട്ട് 65ലാണ് പുതിയ ഗ്രീന്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത്.
2023 നവംബറില്‍ ആരംഭിച്ച ഗ്രീന്‍ ബസ് പദ്ധതിയുടെ വിലയിരുത്തല്‍ 2025 ജൂണില്‍ സമാപിക്കും. ഇത്തരം വാഹനങ്ങളിലൂടെ ഭാവിയില്‍ ഒരുലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ മാലിന്യം ഇല്ലാതാക്കാനാവുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.