അബൂദബി: രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് യു.എ.ഇയിൽ കുറഞ്ഞത് 1,50,000 ദിർഹം പിഴ ചുമത്തപ്പെടാവുന്ന കുറ്റകൃത്യമായി പ്രഖ്യാപിച്ചു. അബൂദബി ജൂഡീഷ്യൽ അതോറിറ്റി ചൊവ്വാഴ്ചയാണ് ആളുകളുടെ സ്വകാര്യതയെ സംരക്ഷിക്കുന്ന അപവാദ പ്രചാരണ വിരുദ്ധ, സൈബർ കുറ്റകൃത്യം നിയമത്തെക്കുറിച്ച് വിശദീകരണം നൽകിയത്.
അത്യാധുനിക സാങ്കേതികവിദ്യ ഏവർക്കും ലഭ്യമാകുമ്പോൾ താമസക്കാരുടെ സ്വകാര്യ ഇടവും അതിരുകളും എക്കാലവും മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ആരുടെയും അനുമതിയില്ലാതെ ഫോട്ടോകൾ എടുക്കാനോ സൂക്ഷിക്കാനോ സംസാരം റെക്കോഡ് ചെയ്യാനോ അവ പങ്കുവെക്കാനോ പാടില്ലെന്ന് അബൂദബി ജുഡീഷ്യൽ വകുപ്പ് താമസക്കാരെ ഓർമിപ്പിച്ചു.
ആരുടെയെങ്കിലും സ്വകാര്യത ലംഘിച്ചാൽ 1,50,000 ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴയും ആറുമാസം വരെ തടവും ലഭിച്ചേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഒരാളുടെ വ്യക്തിവിവരങ്ങളോ ചിത്രങ്ങളോ വാർത്തകളോ അവരുടെ അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുക (പങ്കുവെക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ കൂടി), ഒരു വ്യക്തിയെക്കുറിച്ചുള്ള സ്വകാര്യത വെളിപ്പെടുത്തുന്ന ശബ്ദ-സ്രാവ്യ റെക്കോഡുകൾ നടത്തുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുക, അപകടത്തിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും ചിത്രങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുക, ഒരു വ്യക്തിയുടെ ജി.പി.എസ് ലൊക്കേഷൻ ട്രാക് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം കുറ്റകരമാണ്.വ്യക്തിഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവരുടെ ശബ്ദരേഖയോ ഫോട്ടോയോ വിഡിയോ ദൃശ്യങ്ങളോ മാറ്റംവരുത്തിയാൽ 2,50,000 ദിർഹം മുതൽ 5,00,000 ദിർഹംവരെ പിഴയും ഒരുവർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.