ദുബൈ: അബൂദബിയിൽ ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നൽകുമെന്ന് അബൂദബി നാഷനൽ ഓയിൽ കമ്പനി(അഡ്നോക്) അറിയിച്ചതായി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. എംബസിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ മരിച്ച ഇന്ത്യയിലെ പഞ്ചാബ് സ്വദേശികളായ ഹർദീപ് സിങ്, ഹർദേവ് സിങ് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ഇരുവരും മരിച്ച മറ്റൊരാളായ പാകിസ്താൻ സ്വദേശിയും അഡ്നോഡ് കമ്പനി ജീവനക്കാരായിരുന്നു. ഇവരുടെ മക്കളുടെ വിദ്യാഭ്യാസ െചലവുകളും കമ്പനി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മരണത്തിൽ പ്രയാസപ്പെടുന്ന കുടുംബത്തിന് എല്ലാ ഘട്ടങ്ങളിലും അഡ്നോകിന്റെയും യു.എ.ഇ സർക്കാറിന്‍റെയും സഹായം ലഭിച്ചതായും അംബാസഡർ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ െചലവുകളും വഹിച്ചത് അഡ്നോകാണ്.
മരണപ്പെട്ടവരുടെ സേവന ആനുകൂല്യങ്ങൾ അവരുടെ കുടുംബങ്ങൾക്ക് എത്തിക്കുന്നതും ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് കുടുംബങ്ങൾക്ക് ജോലിയും കുട്ടികളുടെ പഠനച്ചെലവുകളും ഏറ്റെടുത്തിരിക്കുന്നത് -അംബാസഡർ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരായ റമദാൻ മുഹമ്മദ് റാത്ത്, റാം സിങ് സർവണൻ എന്നിവർക്ക്ചികിത്സാസൗകര്യങ്ങളും കമ്പനി ഒരുക്കുന്നുണ്ടെന്നും യു.എ.ഇ ലോകത്തെ സുരക്ഷിത രാജ്യമാണെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും പറഞ്ഞു. ജനുവരി 17നാണ് അബൂദബിയിലെ അഡ്നോക് കേന്ദ്രത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ മൂന്ന് ഓയിൽ ടാങ്കറുകൾ പൊട്ടിത്തെറിച്ച് മൂന്നുപേർ കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ച സംഭവത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.