അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻററിന്റെ പ്രഥമ സാഹിത്യ പുരസ്കാരം സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് യു.എ.ഇയുടെ 52ാം ദേശീയദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സമർപ്പിച്ചു. ഫലകവും പ്രശസ്തി പത്രവും 50,001 രൂപയും അടങ്ങുന്ന അവാർഡ് ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് സമ്മാനിച്ചത്. മാനവികതക്കും മതമൈത്രിക്കും വേണ്ടി നിരന്തരം തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരനാണ് രാമനുണ്ണിയെന്ന് എം.എ. യൂസുഫലി പറഞ്ഞു. ദൈവത്തിന്റെ പുസ്തകം എന്ന രചന അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രത്തെ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുപടി പ്രസംഗത്തിൽ അബൂദബി ഇസ്ലാമിക് സെന്ററിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ ശ്ലാഘിച്ച രാമനുണ്ണി, പുരസ്കാരം തന്റെ സാഹിത്യ ജീവിതത്തിലെ സുകൃതമാണെന്ന് പറഞ്ഞു. എം.എ യൂസുഫലി രക്ഷാധികാരിയായ ഐ.ഐ.സിയുടെ പ്രവർത്തനങ്ങളിൽ വിശിഷ്ടമായ ആശയാദർശങ്ങൾ പ്രതിഫലിക്കുന്നുണ്ട്. പി. ബാവ ഹാജിയും ജന. സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞിയും പ്രഗത്ഭമായ രീതിയിൽ സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
പുരസ്കാര സമർപ്പണത്തിനുശേഷം എം.എ. യൂസുഫലി മക്കയിൽ നിന്നും മദീനയിൽ നിന്നും എത്തിച്ച സമ്മാനങ്ങളും സ്വന്തം വകയായി 1,00,001 രൂപയും രാമനുണ്ണിക്ക് സമ്മാനിച്ചു. ചടങ്ങിൽ ക്യാപ്റ്റൻ ഫാദൽ സാലഹ്, അബ്ദുല്ല ഫാറൂഖി, ഷുക്കൂർ അലി കല്ലിങ്ങൽ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ഹിദായത്തുല്ല എന്നിവരും പങ്കെടുത്തു.
ഐ.സി ടാലൻറ് ക്ലബ് അവതരിപ്പിച്ച കലാപരിപാടികളും ഗസൽസന്ധ്യയും പരിപാടിയുടെ മാറ്റുകൂട്ടി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു പുരസ്കാര നിർണയത്തിന്റെ ജൂറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.