ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ

വികസനക്കുതിപ്പിന്‍റെ ഒരുവർഷം

ദുബൈ: ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട്​ ഒരുവർഷം. വികസനക്കുതിപ്പിന്‍റെയും ഐക്യത്തിന്‍റെയും ഒരു വർഷം കടന്നുപോകുമ്പോൾ രാജ്യത്തിന്​ മുൻപിലുള്ളത്​ ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഒരുപിടി പുതിയ പദ്ധതികൾ.

യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തെ തുടർന്ന്​ 2022 മേയ്​ 14നാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ യു.എ.ഇയുടെ അമരക്കാരനായത്​. വികസന വാഴ്ചക്കൊപ്പം എല്ലാവരെയും ചേർത്തുപിടിക്കുന്ന നിലപാടാണ്​ ​അദ്ദേഹവും തുടർന്നത്​. സുസ്ഥിര വികസനം ലക്ഷ്യമിട്ട്​ നിരവധി പദ്ധതികളാണ്​ ഈ വർഷം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്​. യു.എ.ഇയുടെ സുസ്ഥിരത വർഷമായി 2023നെ പ്രഖ്യാപിച്ച അദ്ദേഹം അടുത്ത പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ പച്ചപുതപ്പിക്കാൻ നിരവധി പദ്ധതികളാണ്​ ആസൂത്രണം ചെയ്തിരിക്കുന്നത്​. കോപ്​ 28 ഉൾപെടെയുള്ളവ ഇതിന്​ കരുത്ത്​ പകരുന്നതാണ്​. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും ആവശ്യമായ നിയമ നിർമാണങ്ങൾ ഈ കാലയളവിലുണ്ടായി. എല്ലാവർക്കും ക്ഷേമമുറപ്പാക്കുന്ന മുൻഭരണാധികാരികളുടെ വഴിയിലൂടെയാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിന്‍റെയും യാത്ര. ഇമാറാത്തികൾക്കായി പ്രത്യേക ഭവന പദ്ധതികൾ ഒരുക്കിയതിനൊപ്പം പ്രവാസികൾക്ക്​ ഗുണകരമാകുന്ന വിസ നിർദേശങ്ങളും നടപടികളുമുണ്ടായി. ബഹിരാകാശത്ത്​ യു.എ.ഇ അത്​ഭുതങ്ങൾ സൃഷ്ടിക്കുന്നതും ഈകാലയളവിൽ കാണാൻ കഴിഞ്ഞു.

ഭക്ഷ്യ, കാർഷിക രംഗങ്ങളിലും വൻ കുതിപ്പുണ്ടായി. എണ്ണയിതര മേഖലയിൽ വ്യാപാരം വർധിച്ചു. ഇന്ത്യയുമായി ഒപ്പുവെച്ച സമഗ്രസാമ്പത്തിക സഹകരണ കരാർ(സെപ) കൂടുതൽ രാജ്യങ്ങളുമായി ഒപ്പുവെക്കാൻ നടപടികൾ പുരോഗമിക്കുന്നു.

എല്ലാ എമിറേറ്റുക​ളെയും ചേർത്തുപിടിക്കുന്ന നയമാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും തുടരുന്നത്​. എല്ലാ ഭരണാധികാരികളുമായും മികച്ച ബന്ധം തുടരുന്ന അദ്ദേഹം എല്ലായിടത്തും വികസനമെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൾഫ്​ ഐക്യത്തിന്​ ചുക്കാൻ പിടിക്കുന്ന നടപടികളുമുണ്ടായി. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം അവരുമായി സൗഹൃദം ഊട്ടിയുറപ്പിച്ചു.

ഐതിഹാസികമായ വികസന മുന്നേറ്റത്തിലൂടെ രാജ്യത്തിന്‍റെ യശ്ശസ്​ ലോകത്തോളമുയർത്തിയ പിതാവിന്‍റെയും സഹോദരന്‍റെയും പിൻഗാമിയായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ എത്തിയപ്പോൾ ജനങ്ങൾ അദ്ദേഹത്തിൽ അർപിച്ച പ്രതീക്ഷകൾ കവച്ചുവെക്കുന്ന നയങ്ങളാണ്​ ​പുതിയ ഭരണാധികാരിയുടേത്​. അച്ചടക്കത്തിലും കൃത്യതയിലും ആസൂത്രണത്തിലും ഒരിഞ്ച്​ വിട്ടുവീഴ്ചയില്ലാത്ത സൈനിക വ്യന്ദത്തിൽ നിന്ന്​ പരുവപ്പെട്ട ജീവിതവും ഭരണമികവും അടിസ്ഥാനമാക്കിയ ശൈഖ്​ മുഹമ്മദ്​ എല്ലാവരോടും വാൽസല്യത്തോടെ പെരുമാറുന്ന അലിവ്​ നിറഞ്ഞ ഭരണാധികാരി കൂടിയാണ്​.

അബൂദബി എഡ്യൂക്കേഷൻ കൗൺസിലിന്‍റെ ചെയർമാനായി അദ്ദേഹം നിയമിതനായപ്പോൾ വിദ്യഭ്യാസം രംഗം വലിയ മാറ്റങ്ങൾക്ക്​ തന്നെ സാക്ഷ്യം വഹിച്ചിരുന്നു. പ്രശസ്തമായ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തിങ്ക്​ടാങ്കുകളുമായും പങ്കാളിത്തം ഉണ്ടാക്കാൻ അദ്ദേഹം പരിശ്രമിക്കുകയും അത്​ നേടിയെടുക്കുകയും ചെയ്​തു. ഇന്ന്​ അറബ്​ മേഖലയിലെ തന്നെ ഏറ്റവും മികവുറ്റ വിദ്യഭ്യാസ സംവിധാനം തലസ്ഥാന എമിറേറ്റിൽ രൂപപ്പെടാൻ കാരണമായത്​ ഈ നീക്കങ്ങളായിരുന്നു. അന്തർദേശീയ തലത്തിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ശക്​തമായ മന്നേറ്റങ്ങൾക്ക്​ നേതൃത്വം വഹിച്ചു. ​ശൈഖ്​ മുഹമ്മദിന്‍റെ നേതൃത്വത്തിൽ കായിക മേഖലയിലെ കുതിപ്പിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്​. 

Tags:    
News Summary - It has been a year since Sheikh Mohammed bin Zayed Al Nahyan became the President of the UAE.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.