വികസനക്കുതിപ്പിന്‍റെ ഒരുവർഷം
text_fieldsദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട് ഒരുവർഷം. വികസനക്കുതിപ്പിന്‍റെയും ഐക്യത്തിന്‍റെയും ഒരു വർഷം കടന്നുപോകുമ്പോൾ രാജ്യത്തിന് മുൻപിലുള്ളത് ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഒരുപിടി പുതിയ പദ്ധതികൾ.
യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് 2022 മേയ് 14നാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എ.ഇയുടെ അമരക്കാരനായത്. വികസന വാഴ്ചക്കൊപ്പം എല്ലാവരെയും ചേർത്തുപിടിക്കുന്ന നിലപാടാണ് അദ്ദേഹവും തുടർന്നത്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഈ വർഷം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്. യു.എ.ഇയുടെ സുസ്ഥിരത വർഷമായി 2023നെ പ്രഖ്യാപിച്ച അദ്ദേഹം അടുത്ത പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ പച്ചപുതപ്പിക്കാൻ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കോപ് 28 ഉൾപെടെയുള്ളവ ഇതിന് കരുത്ത് പകരുന്നതാണ്. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും ആവശ്യമായ നിയമ നിർമാണങ്ങൾ ഈ കാലയളവിലുണ്ടായി. എല്ലാവർക്കും ക്ഷേമമുറപ്പാക്കുന്ന മുൻഭരണാധികാരികളുടെ വഴിയിലൂടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെയും യാത്ര. ഇമാറാത്തികൾക്കായി പ്രത്യേക ഭവന പദ്ധതികൾ ഒരുക്കിയതിനൊപ്പം പ്രവാസികൾക്ക് ഗുണകരമാകുന്ന വിസ നിർദേശങ്ങളും നടപടികളുമുണ്ടായി. ബഹിരാകാശത്ത് യു.എ.ഇ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതും ഈകാലയളവിൽ കാണാൻ കഴിഞ്ഞു.
ഭക്ഷ്യ, കാർഷിക രംഗങ്ങളിലും വൻ കുതിപ്പുണ്ടായി. എണ്ണയിതര മേഖലയിൽ വ്യാപാരം വർധിച്ചു. ഇന്ത്യയുമായി ഒപ്പുവെച്ച സമഗ്രസാമ്പത്തിക സഹകരണ കരാർ(സെപ) കൂടുതൽ രാജ്യങ്ങളുമായി ഒപ്പുവെക്കാൻ നടപടികൾ പുരോഗമിക്കുന്നു.
എല്ലാ എമിറേറ്റുകളെയും ചേർത്തുപിടിക്കുന്ന നയമാണ് ശൈഖ് മുഹമ്മദ് ബിൻ സായിദും തുടരുന്നത്. എല്ലാ ഭരണാധികാരികളുമായും മികച്ച ബന്ധം തുടരുന്ന അദ്ദേഹം എല്ലായിടത്തും വികസനമെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൾഫ് ഐക്യത്തിന് ചുക്കാൻ പിടിക്കുന്ന നടപടികളുമുണ്ടായി. വിവിധ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം അവരുമായി സൗഹൃദം ഊട്ടിയുറപ്പിച്ചു.
ഐതിഹാസികമായ വികസന മുന്നേറ്റത്തിലൂടെ രാജ്യത്തിന്‍റെ യശ്ശസ് ലോകത്തോളമുയർത്തിയ പിതാവിന്‍റെയും സഹോദരന്‍റെയും പിൻഗാമിയായി ശൈഖ് മുഹമ്മദ് ബിൻ സായിദ് എത്തിയപ്പോൾ ജനങ്ങൾ അദ്ദേഹത്തിൽ അർപിച്ച പ്രതീക്ഷകൾ കവച്ചുവെക്കുന്ന നയങ്ങളാണ് പുതിയ ഭരണാധികാരിയുടേത്. അച്ചടക്കത്തിലും കൃത്യതയിലും ആസൂത്രണത്തിലും ഒരിഞ്ച് വിട്ടുവീഴ്ചയില്ലാത്ത സൈനിക വ്യന്ദത്തിൽ നിന്ന് പരുവപ്പെട്ട ജീവിതവും ഭരണമികവും അടിസ്ഥാനമാക്കിയ ശൈഖ് മുഹമ്മദ് എല്ലാവരോടും വാൽസല്യത്തോടെ പെരുമാറുന്ന അലിവ് നിറഞ്ഞ ഭരണാധികാരി കൂടിയാണ്.
അബൂദബി എഡ്യൂക്കേഷൻ കൗൺസിലിന്‍റെ ചെയർമാനായി അദ്ദേഹം നിയമിതനായപ്പോൾ വിദ്യഭ്യാസം രംഗം വലിയ മാറ്റങ്ങൾക്ക് തന്നെ സാക്ഷ്യം വഹിച്ചിരുന്നു. പ്രശസ്തമായ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തിങ്ക്ടാങ്കുകളുമായും പങ്കാളിത്തം ഉണ്ടാക്കാൻ അദ്ദേഹം പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു. ഇന്ന് അറബ് മേഖലയിലെ തന്നെ ഏറ്റവും മികവുറ്റ വിദ്യഭ്യാസ സംവിധാനം തലസ്ഥാന എമിറേറ്റിൽ രൂപപ്പെടാൻ കാരണമായത് ഈ നീക്കങ്ങളായിരുന്നു. അന്തർദേശീയ തലത്തിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ശക്തമായ മന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ചു. ശൈഖ് മുഹമ്മദിന്‍റെ നേതൃത്വത്തിൽ കായിക മേഖലയിലെ കുതിപ്പിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.