ദുബൈ: യു.എ.ഇയിൽ മഴ പെയ്യിക്കാനും ഇനി 'നിർമിത ബുദ്ധി' ഉപയോഗപ്പെടുത്തും. മഴ കൂടുതലായി ലഭിക്കാനാണ് ദേശീയ കാലാവസ്ഥ കേന്ദ്രം ഏറ്റവും നൂതനമായ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും യോജിച്ച ക്ലൗഡ് സീഡിങ് സമയവും സ്ഥലങ്ങളും നിർണയിക്കാൻ ഉപഗ്രഹ നിരീക്ഷണങ്ങൾ, ഭൂഗർഭ കാലാവസ്ഥ റഡാർ ഡേറ്റ, മഴമാപിനികൾ, സംഖ്യാപരമായ കാലാവസ്ഥ പ്രവചന എസ്റ്റിമേറ്റുകൾ എന്നിവ സംയോജിപ്പിക്കാനാണ് നിർമിത ബുദ്ധിയെ ഉപയോഗപ്പെടുത്തുക.
ഇതിലൂടെ ക്ലൗഡ് സീഡിങ് കൂടുതൽ കൃത്യമായി പ്രയോഗിക്കാൻ സാധ്യമാവുകയും മഴ വർധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെന്റർ ഫോർ വെസ്റ്റേൺ വെതർ ആൻഡ് വാട്ടർ എക്സ്ട്രീംസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലൂക്ക ഡെല്ലെ മൊണാഷാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പഴയകാലത്തെ മഴയുടെ അനുഭവങ്ങളും സാറ്റലൈറ്റ്, റഡാർ ഡേറ്റ എന്നിവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും സംയോജിപ്പിച്ച് ക്ലൗഡ് സീഡിങ്ങിന് ഏറ്റവും യോജിച്ച സമയം കണ്ടെത്താനും ഉപയോഗപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഡോ. മൊണാഷ് പറഞ്ഞു. ഡോ. മൊണാഷ് നേതൃത്വം നൽകുന്ന പുതിയ പ്രോജക്ടിലൂടെ ഫലപ്രദമായ പുതിയ ഗവേഷണങ്ങളുടെ പാത തുറക്കപ്പെടുമെന്ന് യു.എ.ഇ റെയിൻ എൻഹാൻസ്മെന്റ് സയൻസ് ഡയറക്ടർ അലിയ അൽ മസ്റൂഇ പറഞ്ഞു.
മഴ ശക്തിപ്പെടുത്തുന്നതിന് ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിലൂടെ ലോകമെമ്പാടും വർധിച്ചുവരുന്ന ജല സമ്മർദ വെല്ലുവിളികളെ നേരിടുന്നതിൽ മുന്നേറുകയാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. അബ്ദുല്ല അൽ മന്ദൂസ് പ്രസ്താവിച്ചു. ജലദൗർബല്യമുള്ള പ്രദേശങ്ങളിലും മേഖലകളിലും ശുദ്ധജലം ലഭ്യമാക്കാൻ നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാനും പുതിയ അറിവുകൾ സംഭാവന ചെയ്യാനും ഇത്തരം ശ്രമങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലൗഡ് സീഡിങ്ങിലൂടെ മഴ പെയ്യിക്കുന്ന പദ്ധതി വിജയകരമായി പലയിടങ്ങളിലും യു.എ.ഇ നടപ്പാക്കുന്നുണ്ട്. രാജ്യത്ത് ഇത്തരത്തിൽ മഴ ലഭിക്കുന്നതിൽ വർധനവുമുണ്ടായിട്ടുണ്ട്.
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ ഈ മേഖലയിൽ കൂടുതൽ മികച്ച ഫലം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.