ദുബൈ: യു.എ.ഇയിലെ മലയാളികൾക്ക് മെഡിക്കൽ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ. കേരളത്തിലെ മുൻനിര ആശുപത്രികൾ പങ്കാളികളാകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. ആലുവ രാജഗിരി ആശുപത്രിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്.
പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് അതിവിദഗ്ധ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകുന്നതോടൊപ്പം, നാട്ടിലെ മാതാപിതാക്കൾക്ക് ആശുപത്രിയിൽ പരിചരിക്കാൻ പ്രഫഷനൽ വളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഫാമിലി കണക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ നിർവഹിച്ചു. നാട്ടിൽ കഴിയുന്ന മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ യു.എ.ഇയിൽ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാൻ കഴിയുമെന്നതിനാൽ പദ്ധതി യു.എ.ഇ പ്രവാസി മലയാളികൾക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ യു.എ.ഇ ഘടകം സെക്രട്ടറി ഫിറോസ് ഷാ എന്നിവർ സംസാരിച്ചു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ സൗജന്യമായി തേടാം എന്നതിനൊപ്പം ഔട്ട് പേഷ്യന്റ്സിന് അതിവേഗത്തിലുള്ള അപ്പോയ്ൻമെന്റ് സൗകര്യവും അഡ്മിഷൻ മുതൽ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി സ്റ്റാഫിന്റെ പിന്തുണയും ലഭിക്കുന്നു.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ യു.എ.ഇ ഘടകത്തിനാണ് പദ്ധതിയുടെ യു.എ.ഇയിലെ ഏകോപന ചുമതല. പദ്ധതിയിൽ പങ്കാളികളാകാൻ യു.എ.ഇ പ്രവാസികൾക്കും പ്രവാസി മലയാളി സംഘടനകൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളിയാവുന്നതിനും 54 289 3001 (യു.എ.ഇ) /+918590965542 (കേരളം) എന്നീ നമ്പറുകളിൽ നേരിട്ടോ വാട്സ്ആപ് മുഖാന്തരമോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.