ദുബൈ: ദുബൈ എമിറേറ്റിൽ മാത്രം പ്രവർത്തിക്കുന്നത് 583 പാൽ ഉദ്പാദന കമ്പനികൾ. ദുബൈ ഇക്കോണമിയുടെ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് സെക്ഷനാണ് എമിറേറ്റിലെ െഡയറി കമ്പനികളുടെ കണക്കുകൾ പുറത്തുവിട്ടത്. പാൽ, തൈര്, പാൽക്കട്ടി, ക്രീം, നെയ് തുടങ്ങിയ ഉൽപന്നങ്ങളാണ് ഈ സ്ഥാപനങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്നത്. പ്രാദേശിക കമ്പനികൾ മുതൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾ വരെ ഈ മേഖലയിൽ പ്രവർത്തിക്കുന്നു.
ബുർജ് ഖലീഫ, ബർദുബൈ, അൽറാസ്, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ട്രേഡ് സെൻറർ, പോർട്ട് സെയ്ദ്, ഊദ് മേത്ത, ഹോർലാൻസ്, കറാമ, ഗർഹൂദ് എന്നിവിടങ്ങളിലാണ് കൂടുതൽ ഉൽപാദന കേന്ദ്രങ്ങൾ. 2030ഓടെ ദുബൈയെ ആഗോള ബിസിനസ് ഹബാക്കി മാറ്റുവാനുള്ള ലക്ഷ്യം നേരായപാതയിലാണെന്നതിെൻറ തെളിവാണ് ഈ എണ്ണം സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഭക്ഷ്യസുരക്ഷക്ക് ദുബൈ അതിപ്രാധാന്യമാണ് നൽകുന്നതെന്നും ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുമെന്നും സ്ഥാപനങ്ങൾക്ക് ഇത് മികച്ച അവസരമാണെന്നും ബി.ആർ.എൽ ബിസിനസ് രജിസ്ട്രേഷൻ ഡയറക്ടർ വാലിദ് അബ്ദുൽ മാലിക് വ്യക്തമാക്കി. വർഷത്തിൽ 40 ലക്ഷം ലിറ്ററിലേറെ ഒട്ടകപ്പാലാണ് യു.എ.ഇ ഉൽപാദിപ്പിക്കുന്നതെന്നും ഇത് 65 വ്യത്യസ്ത ഉൽപന്നങ്ങളായി വിപണിയിലെത്തുന്നുണ്ടെന്നും കാമലീഷ്യസ് എമിറേറ്റ്സ് ഇൻഡസ്ട്രി ജനറൽ മാനേജർ സഈദ് ജുമ ബിൻ സുബൈഹ് പറഞ്ഞു. ചൈന, റഷ്യ, യു.എസ്.എ, ജപ്പാൻ, യൂറോപ്യൻ യൂനിയൻ ഉൾപ്പെടെയുള്ള 16 രാജ്യങ്ങളിലേക്ക് തങ്ങളുടെ സ്ഥാപനം ഉൽപന്നങ്ങൾ കയറ്റി അയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനത്തിൽ 9000 ഒട്ടകങ്ങളുണ്ട്. അടുത്ത അഞ്ച് വർഷത്തിൽ ഇവയുടെ എണ്ണം 20,000 ആക്കാനാണ് ലക്ഷ്യം. 756 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.