ദുബൈ: യു.എ.ഇയിൽ മൂന്നു പേർക്കുകൂടി വാനരവസൂരി സ്ഥിരീകരിച്ചു. ഒരിടവേളക്കുശേഷമാണ് വീണ്ടും രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 16 ആയി വർധിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂൺ ഏഴിന് അഞ്ചു കേസുകൾ സ്ഥിരീകരിച്ചശേഷം ആദ്യമായാണ് വീണ്ടും രോഗം കണ്ടെത്തുന്നത്. ഒന്നര മാസത്തിനുശേഷം വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വലിയ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഉചിതമായ പ്രതിരോധ, സുരക്ഷനടപടികൾ സ്വീകരിക്കണമെന്നും ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും അറിയിപ്പിൽ പറയുന്നു. നേരത്തേ രോഗബാധിതരായ മൃഗങ്ങളിൽനിന്ന് ദൂരം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത് മേയ് 24നാണ്. വെസ്റ്റ് ആഫ്രിക്കയിൽനിന്നെത്തിയ 29 വയസ്സുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി സുരക്ഷാ മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പിന്നീട് ഒറ്റപ്പെട്ട കേസുകൾ ഉണ്ടായതല്ലാതെ ആശങ്കപ്പെടുത്തുന്ന സാഹചര്യം ഒരുഘട്ടത്തിലുമുണ്ടായിട്ടില്ല.
എന്നാൽ, രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയിൽ കഴിയണമെന്നും അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്‍റീനിൽ കഴിയണമെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചിരുന്നു. സമ്പർക്കം പുലർത്തിയവർക്ക് വീട്ടിലെ ക്വാറന്‍റീനാണ് ഏർപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് അധികൃതർ അടുത്ത സമ്പർക്കം പുലർത്തിയവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. ജനങ്ങൾ രോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിരുന്നു. നിലവിൽ ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യു.എസിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ യു.എ.ഇയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച യു.എ.ഇയിൽ നിന്ന് എത്തിയാൾക്ക് കേരളത്തിൽ വാനരവസൂരി സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.