ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥി പ്രവേശനം ഈ വർഷം ആറു ശതമാനം വർധിച്ചതായി വിജ്ഞാന, മാനവവിഭവശേഷി വകുപ്പ് (കെ.എച്ച്.ഡി.എ) അറിയിച്ചു. 2024 -25 അധ്യയന വർഷത്തിൽ 227 സ്വകാര്യ സ്കൂളുകളിലായി 3,87,441 കുട്ടികളാണ് പ്രവേശനം നേടിയത്. 2023ൽ 3,65,000 വിദ്യാർഥികളായിരുന്നു. 2022ൽ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 3,26,000 വിദ്യാർഥികൾ ആയിരുന്നു പ്രവേശനം നേടിയത്.
പുതിയ അധ്യയന വർഷത്തിൽ എമിറേറ്റിൽ 10 പുതിയ സ്കൂളുകൾ തുറന്നിട്ടുണ്ട്. ദുബൈയുടെ വിദ്യാഭ്യാസ നയം-2033പ്രകാരം 2033ഓടെ 100ലധികം സ്വകാര്യ സ്കൂളുകൾ സ്ഥാപിക്കാനാണ് കെ.എച്ച്.ഡി.എ ലക്ഷ്യമിടുന്നത്.
എമിറേറ്റിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് വിദ്യാർഥികളുടെ എണ്ണവും വർധിക്കുന്നതായാണ് കണക്കിൽ വ്യക്തമാകുന്നത്. നിലവിൽ ജനസംഖ്യ 38.3 ലക്ഷമാണെന്നാണ് കണക്കാക്കുന്നത്. ഇത് 2030 വരെ ഓരോ വർഷവും 3.6 ശതമാനം വീതം വർധിക്കുന്നതായാണ് വിലയിരുത്തൽ. ലോകോത്തര വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ഭാവിതലമുറയെ രൂപപ്പെടുത്താൻ അർപ്പണബോധമുള്ള അധ്യാപകർക്കും ദുബൈ ആകർഷകമായ ലക്ഷ്യസ്ഥാനമായി തുടരുകയാണെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ആയിഷ മീരാൻ പറഞ്ഞു.
സ്കൂളുകളുടെ വിപുലീകരണവും ഇമാറാത്തി വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രവേശനത്തിലെ വർധനയും നഗരത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എമിറേറ്റിലെ സ്കൂളുകളിൽ 27,284 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒമ്പതു ശതമാനം വർധനയാണ് അധ്യാപകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
ആകെ 33,210 ഇമാറാത്തി വിദ്യാർഥികളാണ് സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നേടിയിത്. ഇമാറാത്തി കുട്ടികൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുത്തത് യു.എസ് കരിക്കുലം സ്ഥാപനങ്ങളാണ്. ദുബൈയിലെ സ്വകാര്യ സ്കൂളുകൾ 17 വ്യത്യസ്ത പാഠ്യപദ്ധതികളിലാണ് പ്രവർത്തിക്കുന്നത്. യു.കെ പാഠ്യപദ്ധതിയാണ് ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത്. 37 ശതമാനം വിദ്യാർഥികൾ യു.കെ സിലബസിൽ പഠിക്കുമ്പോൾ ഇന്ത്യൻ പാഠ്യപദ്ധതിയിൽ 26 ശതമാനം പേർ പഠിക്കുന്നുണ്ട്.
യു.എസ് പാഠ്യപദ്ധതി 14 ശതമാനവും ഇന്റർനാഷനൽ ബാക്കലറിയേറ്റ് ഏഴു ശതമാനം പേരും യു.കെ/ഐ.ബി ഹൈബ്രിഡ് പാഠ്യപദ്ധതി നാലു ശതമാനം പേരും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.