ദുബൈ: സവാളക്ക് 40 ശതമാനം കയറ്റുമതി തീരുവ ഉയർത്തിയ ഇന്ത്യയുടെ നടപടി യു.എ.ഇയിലെ വിപണികളിലും പ്രതിഫലിക്കുമെന്ന് ആശങ്ക. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സർക്കാർ കയറ്റുമതി നിയന്ത്രണത്തിന്റെ ഭാഗമായി സവാളയുടെ കയറ്റുമതി തീരുവ 40 ശതമാനം ഉയർത്തിയതായി പ്രഖ്യാപിച്ചത്. വിലവർധന ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പ്രഖ്യാപനം. ലോകത്ത് ഏറ്റവും കൂടുതൽ സവാള കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
യു.എ.ഇ, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ സവാള ഇറക്കുമതി ചെയ്യുന്നത്. കയറ്റുമതി തീരുവ വർധിപ്പിച്ച ഇന്ത്യയുടെ നടപടി യു.എ.ഇയിൽ സവാള വിലവർധനക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ആഗസ്റ്റിലാണ് ഇന്ത്യയിലെ സവാള കൃഷി വിളവെടുപ്പ് സമയം. എന്നാൽ, കനത്ത മഴയിൽ വൻ കൃഷിനാശം സംഭവിച്ചതോടെ ആഭ്യന്തര വിപണികളിലും സവാളക്ക് ക്ഷാമം നേരിട്ടു. ഇതോടെയാണ് കയറ്റുമതിക്ക് നിയന്ത്രണമെന്ന നിലയിൽ തീരുവ ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
പച്ചക്കറികൾക്കും മറ്റ് ഭക്ഷ്യവസ്തുക്കൾക്കും വില വർധിച്ചത് ഇന്ത്യയിൽ പണപ്പെരുപ്പം കൂടാൻ ഇടയാക്കിയിരുന്നു. കയറ്റുമതി നിയന്ത്രിച്ച് ആഭ്യന്തര വിപണികളിൽ കൂടുതൽ ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതോടെ പണപ്പെരുപ്പം കുറക്കാനാവുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. പാകിസ്താൻ, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളും സവാള കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യൻ സവാളക്കാണ് ആഗോള വിപണികളിൽ ഡിമാൻഡ് കൂടുതൽ. ഭക്ഷ്യോൽപന്നങ്ങളുടെ ക്ഷാമംമൂലം ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞമാസം ഇന്ത്യ അരിക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ അരിയുടെ ഇറക്കുമതി കൂട്ടിയാണ് യു.എ.ഇ ഇതു മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.