ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: സാമൂഹികമായ ഇടപെടലുകൾ ശക്തമാക്കുന്നതിനായി ‘മൈ ദുബൈ കമ്യൂണിറ്റീസ്’ എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അടുത്തിടെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘സാമൂഹിക വർഷ’മെന്ന സംരംഭത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. വ്യത്യസ്ത പ്രായക്കാർ, ദേശീയതകൾ, സാംസ്കാരിക പശ്ചാത്തലങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 100ലധികം കമ്യൂണിറ്റികളിലേക്ക് പ്രവേശനം സാധ്യമാക്കുന്നതാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം. എമിറേറ്റിലുടനീളം തങ്ങളുടെ താൽപര്യങ്ങക്കും അഭിനിവേശങ്ങൾക്കും അനുസൃതമായ സമൂഹങ്ങളെ കണ്ടെത്തുന്നതിന് പൗരൻമാർ, താമസക്കാർ, സന്ദർശകർ എന്നിവർക്ക് അവസരം നൽകുന്നതാണ് പുതിയ പ്ലാറ്റ്ഫോമെന്ന് എക്സിലൂടെ ശൈഖ് ഹംദാൻ പറഞ്ഞു.
ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഗുണനിലവാരമുള്ള ജീവിതം നയിക്കാനും കഴിയുന്ന നഗരമായി ദുബൈയെ മാറ്റുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകളേയും മാർഗനിർദേശങ്ങളേയും ഈ അവസരത്തിൽ സ്തുതിക്കുന്നതായും ശൈഖ് ഹംദാൻ വ്യക്തമാക്കി. കൂടാതെ ദുബൈ സോഷ്യൽ അജണ്ട 33യോട് ചേർന്നു നിൽക്കുന്നതാണ് പുതിയ സംരംഭം.
പുതിയ പ്ലാറ്റ്ഫോമിലൂടെ ജനങ്ങളെ ഒരുമിച്ചുകൂട്ടുകയും സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.