ദുബൈ: എമിറേറ്റിലെ പാർക്കിങ് മേഖലയുടെ കോഡുകൾ മാറുന്നു. അടുത്തമാസം മുതൽ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പാർക്കിങ് ഫീസ് ഈടാക്കുന്ന സംവിധാനം നിലവിൽ വരുന്നതിന് മുന്നോടിയായാണ് പാർക്കിങ് കോഡുകൾ മാറുന്നത്.
ഇതോടൊപ്പം നിലവിലെ പാർക്കിങ് മേഖലയെ തന്നെ സ്റ്റാൻഡേർഡ് പാർക്കിങ്, പ്രീമിയം പാർക്കിങ് എന്നിങ്ങനെ തരം തിരിക്കും. ഇതിന്റെ ഭാഗമായി എ,ബി,സി,ഡി പാർക്കിങ് മേഖലകളിൽ പല സ്ഥലങ്ങളുടെയും പേര് എ.പി, ബി.പി, സി.പി, ഡി.പി എന്നിങ്ങനെ മാറിയിട്ടുണ്ട്.
കോഡ് മാറിയെങ്കിലും നിരക്കിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടില്ലെന്ന് ‘പാർക്കിൻ’ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തിരക്കനുസരിച്ച് വ്യത്യസ്തമായ പാർക്കിങ് നിരക്ക് ഈടാക്കുന്ന സംവിധാനം ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്ന് ദുബൈയിലെ പാർക്കിങ് നിയന്ത്രിക്കുന്ന ‘പാർക്കിൻ’ കമ്പനി നേരത്തേ അറിയിച്ചിരുന്നു. നാല് താരിഫ് സോണുകളായാണ് പാർക്കിങ് സ്ഥലങ്ങൾ വേർതിരിച്ചിട്ടുള്ളത്. എ,ബി,സി,ഡി എന്നിങ്ങനെ വേർതിരിച്ചിട്ടുള്ള സോണുകളിൽ പ്രീമിയം, സ്റ്റാൻഡേഡ് മേഖലകളും റോഡരികിലുള്ളതും അല്ലാത്തതുമായ പാർക്കിങ് സ്ഥലങ്ങളും ഉൾപ്പെടും.
പുതിയ നിരക്ക് നടപ്പിലാകുമ്പോൾ രാവിലെ എട്ടു മുതൽ 10 വരെയും വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെയും 6 ദിർഹം ഈടാക്കും. അവധിദിനങ്ങളിൽ ഈ നിരക്ക് ബാധകമല്ല. അതേസമയം രാവിലെ 10മുതൽ വൈകുന്നേരം നാലുവരെയും രാത്രി എട്ടുമുതൽ രാത്രി 10വരെയും ഫീസിൽ മാറ്റമുണ്ടാകില്ല. സോൺ ‘ബി’യിലും ‘ഡി’യിലും ദിവസേന നിരക്ക് നിലവിലുണ്ടാകും.
പ്രീമിയം പാർക്കിങ്ങിനുള്ള ദിവസേന നിരക്ക് സോൺ ബിയിൽ 40 ദിർഹവും സോൺ ഡിയിൽ 30 ദിർഹവുമാണ്.
ഇതിന് പുറമേ വിവിധ ഫ്രീസോണുകളിലെ മറ്റ് പാർക്കിങ് കോഡുള്ള സ്ഥലങ്ങളിൽ വൻ പരിപാടികൾ നടക്കുന്ന സമയങ്ങളിൽ വാഹനം നിർത്തിയിടാൻ മണിക്കൂറിന് 25 ദിർഹം ഈടാക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.