ദുബൈ: അർബുദത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന 11ാമത് പിങ്ക് കാരവൻ റൈഡ് ഫെബ്രുവരി നാലുമുതൽ ആരംഭിക്കും. ലോക അർബുദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാരവൻ ഒരാഴ്ച നീണ്ടുനിൽക്കും. യു.എ.ഇയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ്’ ആണ് ബോധവത്കരണ യാത്ര സംഘടിപ്പിക്കുന്നത്.
സ്തനം, ത്വക്ക്, വൻകുടൽ, പ്രോസ്റ്റേറ്റ്, വൃഷണ കാൻസർ ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട, മുതിർന്നവരിലും കുട്ടികളിലും കാണപ്പെടുന്ന അർബുദങ്ങളെല്ലാം ബോധവത്കരണത്തിൽ ഉൾപ്പെടും. കാരവനോടനുബന്ധിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള സൗജന്യ സ്തനാർബുദ മെഡിക്കൽ പരിശോധന ഒരുക്കും. ക്ലിനിക്കൽ, അൾട്രാസൗണ്ട്, മാമോഗ്രാം എന്നിവയുൾപ്പെടെ പരിശോധന രീതികൾ ഇതിലുൾപ്പെടും.
പുരുഷന്മാർക്ക് സ്തനാർബുദം ബാധിക്കില്ലെന്ന തെറ്റായ ധാരണയെ ഇല്ലാതാക്കാൻകൂടി ബോധവത്കരണം ലക്ഷ്യമിടുന്നു. രാജ്യത്തുടനീളം സഞ്ചരിക്കുന്ന യാത്രയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കുതിരസവാരിക്കാർ സംഘടനയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കാൻസറിനെ പ്രതിരോധിക്കാനുള്ള വഴികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, നേരത്തെ കണ്ടെത്താനുള്ള പ്രോത്സാഹനം, പതിവ് സ്വയം പരിശോധന, പൊതുവേ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന്റെ പ്രാധാന്യം എന്നിവ ബോധവത്കരണത്തിന്റെ ഭാഗമാണ്.
എല്ലാ വർഷവും നടക്കുന്ന കാരവന് ഇമാറാത്തി സമൂഹത്തിൽനിന്ന് ലഭിക്കുന്ന പിന്തുണയും പിങ്ക് കാരവൻ റൈഡിൽ പങ്കെടുക്കുന്ന ഓരോ കുതിരസവാരിക്കാരും വ്യക്തികളും സ്ഥാപനവും സ്ഥലങ്ങളും നൽകുന്ന പ്രചോദനവും പരിപാടി തുടർന്നുപോകാൻ പ്രോത്സാഹനമാണെന്ന് പിങ്ക് കാരവൻ റൈഡ് ഉന്നതതല കമ്മിറ്റി ചെയർപേഴ്സൻ റീം ബിൻകറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.