ഷാർജ: ഊർജ ഉത്പാദന രംഗത്ത് സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഷാർജ ഇലക്ട്രിക്, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷനുമായി കൈകോർക്കുന്നു. സേവ ചെയർമാൻ സഈദ് സുൽത്താൻ അൽ സുവൈദി എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സഹകരണത്തിന് ധാരണയായത്.
എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ ഡയറക്ടർ ജനറൽ അലി ഖലിഫ ബിൻ ഷഹീൻ അൽ ശംസിയുടെ നേതൃത്തിലുള്ള പ്രതിനിധി സംഘമാണ് സേവയുടെ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തിയിരുന്നത്. എമിറേറ്റിന്റെ സുസ്ഥിര വികസനത്തിനായി മികച്ച ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും ഊർജ ഉത്പാദന രീതികൾ നടപ്പിലാക്കുന്നതിനുമുള്ള സഹകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും വൈദഗ്ധ്യങ്ങൾ പരസ്പരം പങ്കുവെക്കാനുമാണ് തീരുമാനം.
അതോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഊർജ ഉത്പാദന കേന്ദ്രങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഷാർജയിലെ വികസന പദ്ധതികളുടെ ഭാഗമായി ഉയരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള സേവയുടെ വിവിധ പദ്ധതികളും ആശയങ്ങളും സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
പ്രകൃതി വാതക പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ, എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ സ്റ്റേഷനുകളിലെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ നിർമാണം എന്നിവയിലെ സഹകരണത്തിനും ഇരു കൂട്ടരും ധാരണയായി. കൂടാതെ അൽ ഹംറിയ മേഖലകളിലും സെൻട്രലിലും പ്രകൃതി വാതക വിതരണം വ്യാപിപ്പിക്കാനുള്ള സേവയുടെ പരിശ്രമങ്ങൾ സംബന്ധിച്ചും ചർച്ചയിൽ വിഷയമായി.
പൊതു ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ഷാർജ സർക്കാറിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ നടത്തുന്ന ശ്രമങ്ങളുമായി ആത്മാർഥമായി സഹകരിക്കുമെന്ന് സേവ ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.