സ്വകാര്യ ഭൂമി ഏറ്റെടുക്കൽ; ഉടമകളുടെ അവകാശം സംരക്ഷിക്കാൻ പുതിയ നിയമവുമായി ദുബൈ

ദുബൈ: പൊതു ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭൂമി ഏറ്റെടുക്കുമ്പോൾ അവരുടെ അവകാശം സംരക്ഷിക്കുന്നതിന്​ പുതിയ നിയമവുമായി ദുബൈ. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. ഭൂമി ഉടമകൾക്ക്​ കൂടുതൽ ഉപകാര​പ്രദമാകുന്ന രീതിയിലുള്ള നിയമമാണ്​ ദുബൈയിൽ നടപ്പാക്കാനൊരുങ്ങുന്നത്​.

ഏറ്റെടുക്കുന്ന ഭൂമിയിലെ വസ്തുവിന്‍റെ ഒരു ഭാഗം മാത്രമാണ്​ പൊളിക്കുന്നതെങ്കിലും ഉടമക്ക്​ ബാക്കി ഭാഗം ആവശ്യമില്ലെങ്കിൽ പൂർണ തുക നൽകണമെന്ന്​ പുതിയ നിയമത്തിൽ പറയുന്നു. ദുബൈ റൂളേഴ്​സ്​ കോർട്ട്​ ചെയർമാൻ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര തുകയാണ്​ നൽകേണ്ടത്​. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്​ സമിതിയെ നിയോഗിക്കും. ഇതിലെ അംഗങ്ങളായിരിക്കും ഭൂമി ഏറ്റെടുക്കൽ നടപടികളെ കുറിച്ച്​ തീരുമാനമെടുക്കുക.

പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതും ഏറ്റെടുക്കൽ അപേക്ഷകൾ പരിഗണിക്കുന്നതും ഈ സമിതിയായിരിക്കും. സർക്കാർ സ്ഥാപനങ്ങളുടെ വസ്തുക്കൾ ഏറ്റെടുക്കുമ്പോഴും സമിതിയുടെ നിബന്ധനകൾ അനുസരിച്ചുള്ള നഷ്ടപരിഹാരമായിരിക്കും നൽകുക. ലോക്കൽ-ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക്​ ഇത്​ ബാധകമാണ്​. പുതിയ നിയമം പുറപ്പെടുവിച്ചതിന്​ മുമ്പ്​ നടത്തിയ ഏറ്റെടുക്കൽ നടപടികൾക്ക്​ ഒരു വർഷത്തിനുള്ളിൽ പഴയ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണം.

ഇത്​ ആറ്​ മാസം കൂടി നീട്ടാൻ റൂളർ കോടതി ചെയർമാന്​ അധികാരമുണ്ട്​. ഈ സമയത്തിനുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പുതിയ നിയമവ്യവസ്ഥ പ്രകാരമുള്ള നഷ്ടപരിഹാരം നൽകേണ്ടി വരും. നഷ്ടപരിഹാരത്തിനെതിരെ അപ്പീൽ നൽകാൻ ഭൂ ഉടമക്ക്​ അധികാരമുണ്ടായിരിക്കും. പുതിയ നിയമം ദുബൈയിലെ എല്ലാ വസ്തുവകകൾക്കും ബാധകമാണ്​. സ്​പെഷൽ ഡെവലപ്​മെന്‍റ്​ സോണുകളിലും ഫ്രീസോണിലുമെല്ലാം ഈ നിയമമായിരിക്കും നടപ്പാക്കുക. ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്​ മുതൽ നിയമം പ്രാബല്യത്തിൽ വരും.

Tags:    
News Summary - Private land acquisition; New law to protect owners' rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-07 04:55 GMT