സ്വകാര്യ ഭൂമി ഏറ്റെടുക്കൽ; ഉടമകളുടെ അവകാശം സംരക്ഷിക്കാൻ പുതിയ നിയമവുമായി ദുബൈ
text_fieldsദുബൈ: പൊതു ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭൂമി ഏറ്റെടുക്കുമ്പോൾ അവരുടെ അവകാശം സംരക്ഷിക്കുന്നതിന് പുതിയ നിയമവുമായി ദുബൈ. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി ഉടമകൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലുള്ള നിയമമാണ് ദുബൈയിൽ നടപ്പാക്കാനൊരുങ്ങുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയിലെ വസ്തുവിന്‍റെ ഒരു ഭാഗം മാത്രമാണ് പൊളിക്കുന്നതെങ്കിലും ഉടമക്ക് ബാക്കി ഭാഗം ആവശ്യമില്ലെങ്കിൽ പൂർണ തുക നൽകണമെന്ന് പുതിയ നിയമത്തിൽ പറയുന്നു. ദുബൈ റൂളേഴ്സ് കോർട്ട് ചെയർമാൻ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര തുകയാണ് നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സമിതിയെ നിയോഗിക്കും. ഇതിലെ അംഗങ്ങളായിരിക്കും ഭൂമി ഏറ്റെടുക്കൽ നടപടികളെ കുറിച്ച് തീരുമാനമെടുക്കുക.
പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതും ഏറ്റെടുക്കൽ അപേക്ഷകൾ പരിഗണിക്കുന്നതും ഈ സമിതിയായിരിക്കും. സർക്കാർ സ്ഥാപനങ്ങളുടെ വസ്തുക്കൾ ഏറ്റെടുക്കുമ്പോഴും സമിതിയുടെ നിബന്ധനകൾ അനുസരിച്ചുള്ള നഷ്ടപരിഹാരമായിരിക്കും നൽകുക. ലോക്കൽ-ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ്. പുതിയ നിയമം പുറപ്പെടുവിച്ചതിന് മുമ്പ് നടത്തിയ ഏറ്റെടുക്കൽ നടപടികൾക്ക് ഒരു വർഷത്തിനുള്ളിൽ പഴയ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണം.
ഇത് ആറ് മാസം കൂടി നീട്ടാൻ റൂളർ കോടതി ചെയർമാന് അധികാരമുണ്ട്. ഈ സമയത്തിനുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പുതിയ നിയമവ്യവസ്ഥ പ്രകാരമുള്ള നഷ്ടപരിഹാരം നൽകേണ്ടി വരും. നഷ്ടപരിഹാരത്തിനെതിരെ അപ്പീൽ നൽകാൻ ഭൂ ഉടമക്ക് അധികാരമുണ്ടായിരിക്കും. പുതിയ നിയമം ദുബൈയിലെ എല്ലാ വസ്തുവകകൾക്കും ബാധകമാണ്. സ്പെഷൽ ഡെവലപ്മെന്റ് സോണുകളിലും ഫ്രീസോണിലുമെല്ലാം ഈ നിയമമായിരിക്കും നടപ്പാക്കുക. ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ നിയമം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.