ദുബൈ: യു.എ.ഇയിലെ ജനങ്ങളാണ് പുരോഗമനത്തിനായുള്ള ശ്രമങ്ങളുടെ കേന്ദ്രബിന്ദുവെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ദേശീയ ദിനത്തോടനുബന്ധിച്ച സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വെല്ലുവിളികൾക്കിടയിലും അന്താരാഷ്ട്ര സഹകരണം, സംഭാഷണം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് രാജ്യം സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കോപ് 28ന് യു.എ.ഇ ആതിഥ്യമരുളിയത് പ്രാദേശികമായും ആഗോളതലത്തിലും രാജ്യം അതുപോലെ ആഗോള പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിൽ, രാജ്യം വഹിക്കുന്ന പ്രധാന പങ്കിനും സുസ്ഥിര സംരംഭങ്ങൾക്കുള്ള പിന്തുണക്കുമുള്ള അംഗീകാരവുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം രാജ്യം സ്വീകരിക്കേണ്ട സമീപനവും പ്രസിഡൻറ് പ്രസംഗത്തിൽ വിശദീകരിച്ചു. 2024ലെ ‘യൂനിയൻ അഭിലാഷങ്ങൾ’ എന്ന പേരിലാണ് സമൂഹമൊന്നാകെ ഊന്നൽ നൽകേണ്ട കാര്യങ്ങൾ വ്യക്തമാക്കിയത്. ജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി നൂതനാശയങ്ങൾ പിന്തുടരും, വിദ്യാഭ്യാസം വികസനത്തിന്റെ നെടുംതൂണായിരിക്കും, ഇമാറാത്തി സംസ്കാരം പ്രാദേശികമായും ആഗോളതലത്തിലും പ്രോത്സാഹിപ്പിക്കും സുസ്ഥിരത സംസ്കാരത്തിലും സമ്പ്രദായങ്ങളിലും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പല വശങ്ങളിലും ഉൾച്ചേർക്കും എന്നിങ്ങനെയാണ് ശൈഖ് മുഹമ്മദ് പങ്കുവെച്ച ഊന്നലുകൾ. ഇക്കാര്യങ്ങൾ സമൂഹത്തിലെ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വളർച്ചയിൽ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനും സ്ഥാപക ഭരണാധികാരികളും വഹിച്ച പങ്കിനെ എടുത്തുപറഞ്ഞ അദ്ദേഹം 2023ലെ സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ യാത്ര അടക്കമുള്ള നേട്ടങ്ങളും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.