ദുബൈ: ശക്തമായ കാറ്റിൽ റോഡിലേക്ക് നീങ്ങിയ മുനിസിപ്പാലിറ്റിയുടെ ബാരിക്കേഡുകൾ നീക്കിയ പാകിസ്താൻകാരനായ ഡെലിവറി റൈഡർക്ക് ദുബൈ സർക്കാറിന്റെ അഭിനന്ദനം. പാക് സ്വദേശിയായ വഖാസ് സർവാറിനെയാണ് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം അഭിനന്ദിച്ചത്. റോഡിലെ തടസ്സം നീക്കുന്ന യുവാവിന്റെ വിഡിയോ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രാലയം ട്വിറ്ററിലൂടെ യുവാവിന്റെ പ്രവൃത്തിയെ പ്രകീർത്തിച്ചത്. സിലിക്കൺ ഒയാസിസ് നോർത്ത് പാർക്കിന് സമീപത്തെ റൗണ്ട് എബൗട്ടിൽ കഴിഞ്ഞ ഏതാനും ദിവസം മുമ്പായിരുന്നു സംഭവം. നടപ്പാത നവീകരണത്തിന്റെ ഭാഗമായി എടുത്ത കുഴിക്ക് ചുറ്റുമായി വെച്ച ബാരിക്കേഡുകൾ ശക്തമായ കാറ്റിൽ റോഡിന് നടുവിലേക്ക് നീങ്ങുകയായിരുന്നു. ഇതു വഴി വന്ന വഖാസ് ബൈക്ക് നിർത്തിയ ശേഷം ബാരിക്കേഡുകൾ വലിച്ചു നീക്കി റോഡരികിലേക്ക് മാറ്റുകയായിരുന്നു. സമീപത്തെ കെട്ടിടത്തിൽനിന്ന് ആരോ പകർത്തിയ വിഡിയോ വൈറലായ കാര്യം വഖാസ് അറിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം ഡെലിവറിക്കായി കാത്തിരിക്കുന്നതിനിടെ ഒരാൾ ഇദ്ദേഹത്തെ സമീപിച്ച് വിഡിയോ കാണിക്കുകയായിരുന്നു. ഇതു കണ്ടപ്പോഴാണ് തന്റെ പ്രവൃത്തി വൈറലായതായി അറിഞ്ഞതെന്ന് വഖാസ് പറഞ്ഞു. വന്നയാൾ ഒരു സമ്മാനപ്പൊതിയും നൽകിയാണ് മടങ്ങിയത്. തന്നെ സമീപിച്ചയാൾ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്ന കാര്യം പിന്നീടാണ് അറിഞ്ഞതെന്നും വഖാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.