മലീഹയിലെ ഗോതമ്പ് കൃഷി
ഷാർജ: കാർഷിക മേഖലയിലെ നൂതന സംവിധാനങ്ങളിലും മികവിലും മുൻനിര പ്രദേശമായി മാറിക്കഴിഞ്ഞ ഷാർജക്ക് ലോകോത്തര നേട്ടം. ലോകത്തെ ഏറ്റവും പോഷക സമ്പന്നമായ ഗോതമ്പ് എന്ന നേട്ടമാണ് എമിറേറ്റിലെ മലീഹയിൽ കൃഷിചെയ്ത ഉൽപന്നം നേടിയിരിക്കുന്നത്. 19.3 ശതമാനമാണ് പ്രോട്ടീൻ ഉള്ളടക്കം ഗോതമ്പിൽ കണ്ടെത്തിയത്.
ലോകത്തെ ഭക്ഷ്യസുരക്ഷക്കും സുസ്ഥിരതക്കും സഹായകമാകുന്ന വലിയ നേട്ടമായാണിത് വിലയിരുത്തപ്പെടുന്നത്. ആഗോള ഭക്ഷ്യക്കമ്പനികളുടെ താൽപര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിപണിയിലേക്ക് ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഗോതമ്പ് കയറ്റുമതി ചെയ്യാൻ ഷാർജ പദ്ധതിയിടുന്നുണ്ട്.
നിലവിൽ എച്ച്.എസ്.പി ഭക്ഷ്യ ഗുണനിലവാര സർട്ടിഫിക്കറ്റ്, ‘മെയ്ഡ് ഇൻ എമിറേറ്റ്സ്’ ലേബൽ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ മലീഹ ഗോതമ്പിന് ഇതിനകം ലഭിച്ചിട്ടുണ്ട്. യു.എ.ഇയിലെ ബെസ്റ്റ് ഇന്നവേഷൻ അവാർഡ് ഫോർ സൈസ്റ്റനബിലിറ്റി പുരസ്കാരവും പദ്ധതി നേടിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലും കാർഷിക പുരോഗതിയിലും പദ്ധതിയുടെ സ്വാധീനം എടുത്തുകാണിക്കുന്നതാണിത്.
നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ജലസേചന സംവിധാനങ്ങൾ ഉൾപ്പെടെ, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം പദ്ധതിയുടെ വിജയത്തിന് നിർണായകമായിട്ടുണ്ടെന്ന് യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന അൽ ദഹക് അഭിപ്രായപ്പെട്ടു. നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് ജല ഉപഭോഗം 30 ശതമാനം കുറക്കാൻ സഹായിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം വികസിപ്പിച്ചെടുത്ത പദ്ധതി, നൂതന കാർഷിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 1,428 ഹെക്ടർ മരുഭൂമിയിൽ ഉയർന്ന പ്രോട്ടീൻ ഗോതമ്പ് ഉൽപാദിപ്പിച്ചിട്ടുണ്ട്.
ഈ സീസണിലെ ജൈവ ഗോതമ്പ് വിളവെടുപ്പ് ഏകദേശം 6,000 ടൺ വിളവാണ് പ്രതീക്ഷിക്കുന്നത്. മലീഹ ഗോതമ്പ് ഫാമിൽ വികസിപ്പിച്ചെടുത്ത പുതിയ ഗോതമ്പ് ബ്രഡ്, പാസ്ത, ധാന്യങ്ങൾ തുടങ്ങിയ പ്രാദേശിക ഉൽപന്നങ്ങളിൽ ഇതിനകം ഉപയോഗിച്ചുവരുന്നുണ്ട്. ഗോതമ്പ് കൃഷിക്ക് പിന്നാലെ ഷാർജയിൽ ഡെയറി ഫാമും സജ്ജമാക്കിയിരുന്നു.
ഒരു മാനുഷിക ഇടപെടലിനും വിധേയമാകാത്ത ഓർഗാനിക് പശുവിൻ പാൽ ഷാർജയിൽതന്നെ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഷാർജ മലീഹയിൽ ഡെയറിഫാം ആരംഭിച്ചത്. മലീഹയിലെ ഗോതമ്പ് പാടത്തിന്റെ വിളവെടുപ്പ് വേളയിലാണ് ഷാർജ ഭരണാധികാരി ഫാം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.