ദുബൈ: എമിറേറ്റിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് രൂപം നൽകിയ പുതിയ ട്രാഫിക് നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഗുരുതര നിയമലംഘനങ്ങളെ കർശനമായി തടയുന്നതിനാണ് വർധിച്ച പിഴയടക്കമുള്ള ഉപാധികൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പിഴ ഏർപ്പെടുത്തിയിരിക്കുന്നത് റോഡിൽ മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങൾ മത്സരയോട്ടം നടത്തിയാലാണ്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടാൻ ലക്ഷം ദിർഹം പിഴയൊടുക്കേണ്ടിവരുമെന്ന് നിയമത്തിൽ പറയുന്നു.
പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ ചില കുറ്റങ്ങൾക്ക് 50,000 ദിർഹമും മറ്റു ചിലതിന് 10,000 ദിർഹമും അടക്കണം. മൊത്തം പിഴ 6000 ദിർഹത്തിൽ കൂടുതലായാൽ പൊലീസിന് വാഹനം കണ്ടുകെട്ടാനുള്ള അവകാശമുണ്ടെന്നും നിയമത്തിൽ പറയുന്നു. മുഴുവൻ പിഴയും അടച്ചാലേ ഇത്തരം വാഹനങ്ങൾ തിരിച്ചുനൽകുകയുള്ളൂ. പിടിച്ചെടുത്ത വാഹനം നിശ്ചിത ദിവസത്തിനകം വീണ്ടെടുത്തില്ലെങ്കിൽ ദിവസേന 50 ദിർഹം പിഴ ഈടാക്കുകയും ചെയ്യും. വാഹനം പിടിച്ചെടുക്കാൻ കാരണമായ നിയമലംഘനം പരിഹരിക്കുകയും ദുബൈ പൊലീസ് നിർദേശിക്കുന്ന മറ്റു കാര്യങ്ങൾ പൂർത്തിയാക്കുകയും ചെയ്താലേ വാഹനം വീണ്ടെടുക്കാനാകൂ എന്നും നിയമത്തിൽ പറയുന്നു.
ചുവപ്പ് സിഗ്നൽ ലംഘിച്ച് കടന്നുപോകുന്ന ഹെവി വാഹനങ്ങളുടെ ഡ്രൈവർമാരെ നാടുകടത്തുമെന്നും ഭേദഗതി വരുത്തിയ നിയമത്തിൽ പറയുന്നു. ഒരു വാഹനം ഒരു വർഷത്തിനിടെ സമാന കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാൽ വാഹനം വിട്ടുതരാതിരിക്കുന്ന കാലയളവ് ഇരട്ടിയായിരിക്കും. ആകെ പിടിച്ചെടുക്കൽ 90 ദിവസത്തിൽ കൂടുതലാവില്ല. അതോടൊപ്പം ഒരു വർഷത്തിനിടെ കുറ്റം ആവർത്തിച്ചാൽ പിഴയും ഇരട്ടിയാകും. എന്നാൽ, ആകെ പിഴ രണ്ടു ലക്ഷം ദിർഹമിൽ കൂടുതലാവില്ല.
50,000 ദിർഹം പിഴയടക്കേണ്ട കുറ്റങ്ങൾ
വിനോദവാഹനങ്ങൾ സാധാരണ റോഡിൽ ഓടിക്കുക.
അശ്രദ്ധമായും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലും ഡ്രൈവ് ചെയ്യുക.
ചുവന്ന സിഗ്നൽ മറികടക്കുക.
വ്യാജമായതോ അവ്യക്തമായതോ നിയമപരമല്ലാത്തതോ ആയ നമ്പർപ്ലേറ്റുകൾ ഉപയോഗിക്കുക.
മനഃപൂർവം പൊലീസ് വാഹനത്തിൽ ഇടിക്കുകയോ തകരാർ വരുത്തുകയോ ചെയ്യുക.
18 വയസ്സിൽ കുറഞ്ഞ പ്രായമുള്ളവർ വാഹനം ഓടിക്കുക.
10,000 ദിർഹം പിഴയടക്കേണ്ട കുറ്റങ്ങൾ
അനുവദനീയമല്ലാത്ത രൂപത്തിൽ വാഹനം പരിഷ്കരിക്കുക.
പൊലീസിനെ വെട്ടിച്ച് കടന്നുകളയുക.
ലൈസൻസ് നമ്പർപ്ലേറ്റില്ലാതെ വാഹനമോടിക്കുക.
ജനൽചില്ലുകളിലെയും ഫ്രണ്ട് വൈൻഡ്ഷീൽഡിലെയും ടിൻറ് നിശ്ചിത ശതമാനത്തിൽ കൂടുതലാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.