ദുബൈ: രോഗീപരിചരണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഗസ്സയിലെ ഫീൽഡ് ആശുപത്രി. ഏഴുമാസം മുമ്പ് യു.എ.ഇ ലഭ്യമാക്കിയ സ്റ്റാർ ലിങ്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗസ്സയിലെ ഇമാറാത്തി ഫീൽഡ് ആശുപത്രി സങ്കീർണമായ നിരവധി മെഡിക്കൽ കേസുകളിൽ രോഗികൾക്ക് വിദൂര പരിശോധനകൾ നടത്തി. ഗാലന്റ് നൈറ്റ് 3 സംരംഭത്തിലൂടെ യു.എ.ഇ അനുവദിച്ചതാണ് സ്റ്റാർ ലിങ്ക് സാങ്കേതികവിദ്യ. രോഗീപരിചരണം കൂടുതൽ കാര്യക്ഷമമാക്കാനും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ രംഗത്തെ വിദഗ്ധരുമായുള്ള സഹകരണം സാധ്യമാക്കുന്നതിനും സ്റ്റാർ ലിങ്ക് സാങ്കേതികവിദ്യ ഏറെ സഹായകരമാണ്. കുട്ടികൾ ഉൾപ്പെടെ നിരവധി രോഗികൾക്കാണ് ആശുപത്രിയിലെ ഇമാറാത്തി മെഡിക്കൽ സ്റ്റാഫ് സ്റ്റാർ ലിങ്ക് ഉപയോഗിച്ച് മെഡിക്കൽ പരിചരണം നൽകിയത്. 50 മെഡിക്കൽ കേസുകൾ ചർച്ച ചെയ്യാനും രോഗികൾക്ക് അനുയോജ്യമായ ശുശ്രൂഷ പദ്ധതി തയാറാക്കുന്നതിനായി ആഗോളതലത്തിലുള്ള വിദഗ്ധരുമായി 20 കൂടിയാലോചന സെഷനുകളും ഇവർ സ്റ്റാർ ലിങ്ക് വഴി നടത്തി. കൂടാതെ ചില കേസുകൾ അധിക പരിചരണത്തിനായി യു.എ.ഇയിലെ മികച്ച ആശുപത്രികളിലേക്ക് റഫർ ചെയ്യാനും സാധിച്ചു. വിവിധ രാജ്യങ്ങളിലുള്ള ഡോക്ടർമാരുമായി വിദഗ്ധ നിർദേശങ്ങൾ കൈമാറാനും റിയൽ ടൈം വിഡിയോയിലൂടെ മെഡിക്കൽ കൂടിയാലോചനകൾ നടത്തി രോഗികളെ സഹായിക്കുന്നതിനും സ്റ്റാർ ലിങ്ക് ഏറെ ഉപകാരപ്രദമാണ്.
ഫലസ്തീനിലെ രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് യു.എ.ഇ നടത്തുന്ന പ്രയത്നങ്ങളെ പിന്തുണക്കുന്നതാണ് ഈ സംരംഭം. ഗസ്സയിലെ ആരോഗ്യരംഗത്തെ ദുരന്തങ്ങൾ നേരിടുന്നതിന് സാധ്യമായ എല്ലാ മെഡിക്കൽ സഹായങ്ങളും ആധുനിക സാങ്കേതിക വിദ്യകളും യു.എ.ഇ നൽകുന്നുണ്ട്. യുദ്ധത്തിൽ നിരവധി ആശുപത്രികൾ പൂർണമായും തകർന്നതോടെ ആരോഗ്യരംഗം വലിയ വെല്ലുവിളി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.