വേനല്‍ റോഡ് സുരക്ഷ: ട്രക്ക് ഡ്രൈവര്‍മാർക്ക് ബോധവത്കരണം

അബൂദബി: ഗുണനിലവാരമുള്ള ടയറുകള്‍ ഉപയോഗിക്കേണ്ടതിനെ കുറിച്ചും വേനല്‍ക്കാലത്ത് ടയറുകള്‍ പൊട്ടിയുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും ട്രക്ക് ഡ്രൈവര്‍മാരെ ബോധവത്കരിച്ച് അധികൃതര്‍. സംയോജിത ഗതാഗതകേന്ദ്രവും അബൂദബിയിലെ അല്‍ മസൂദ് ഗ്രൂപ്പും റോഡ് സേഫ്റ്റി യു.എ.ഇ പ്ലാറ്റ്‌ഫോമും സംയുക്തമായാണ് ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചത്. മുസഫയിലെ ഹെവി വെഹിക്കിള്‍ കണ്‍ട്രോള്‍ സ്‌റ്റേഷനിലെ ലോറി ഡ്രൈവര്‍മാർക്ക് വേണ്ടിയാണ് ബോധവത്കരണം ഒരുക്കിയത്.

വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ഉയരുന്നതുമൂലം ടയറുകള്‍ പൊട്ടിത്തെറിക്കുന്നത് വര്‍ധിക്കാറുണ്ട്. ടയറുകളുടെ അവസ്ഥ നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്തുകയും വാഹനത്തിന് അനുയോജ്യമായ ടയറുകള്‍ ഉപയോഗിക്കുകയും ചെയ്ത് പൊട്ടിത്തെറി അപകടങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൊട്ടിക്കീറിയതോ യോജിക്കാത്തതോ ആയ ടയറുകള്‍ ഉപയോഗിക്കരുതെന്നും ഇങ്ങനെ പിടിക്കപ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തി വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുമെന്നും പൊലീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓട്ടത്തിനിടെ ടയര്‍ പൊട്ടിയെങ്കിലും അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വാഹനങ്ങളുടെ വിഡിയോ അബൂദബി പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഉറക്കം തോന്നിയാല്‍ വാഹനമോടിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Summer Road Safety: Awareness for Truck Drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.