ദുബൈ: അജ്ഞാത വാഹനങ്ങൾ ഇടിച്ചശേഷം നിർത്താതെപോയ സംഭവങ്ങൾ അഞ്ചുവർഷത്തിനിടെ ഹത്തയിൽ ഉണ്ടായിട്ടില്ലെന്ന് ദുബൈ പൊലീസ്. ഹത്ത ലീസിന് കീഴിലെ എല്ലാ സ്ഥലങ്ങളിലും സുരക്ഷയും നിരീക്ഷണവും ഒരുക്കിയതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.
അപകടസ്ഥലങ്ങളിൽ അതിവേഗം എത്താൻ പൊലീസിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് ശരാശരി 1.7 മിനിറ്റിനുള്ളിൽ അപകട സ്ഥലങ്ങളിൽ പൊലീസ് പാഞ്ഞെത്തുന്നുണ്ട്. നാലുമിനിറ്റിനുള്ളിൽ സ്ഥലത്ത് എത്തണമെന്നതാണ് പൊലീസ് ലക്ഷ്യമെങ്കിലും അതിനേക്കാൾ വേഗത്തിൽ എത്തുന്നുവെന്നാണ് കഴിഞ്ഞവർഷത്തെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തെളിവുകളുടെ അഭാവത്തിൽ ഒരു കേസ് പോലും പ്രോസിക്യൂഷൻ തള്ളിക്കളഞ്ഞിട്ടില്ല. ഹത്ത സ്റ്റേഷന് കീഴിൽ കഴിഞ്ഞ വർഷം ഒമ്പതു വാഹനാപകടങ്ങളും ഒരു മരണവുമാണ് റെക്കോഡ് ചെയ്തിരിക്കുന്നത്.
2020ൽ ഇത് ഒമ്പത് അപകടവും ഒരു മരണവുമായിരുന്നു. ട്രാഫിക് വകുപ്പുമായി ചേർന്ന് ഹത്ത പൊലീസ് സ്റ്റേഷന് കീഴിൽ നിരവധി ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. പെട്ടെന്ന് വാഹനം തിരിക്കൽ, ഇ ബൈക്ക് സുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാന ബോധവത്കരണം. ഹത്തയിലെ സ്കൂളുകളിലും സർക്കാർ വകുപ്പുകളിലും ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു.
പൊലീസിന്റെ ടൂറിസം സുരക്ഷ സംഘം 41 ബോധവത്കരണ പരിപാടികളാണ് നത്തിയത്. ഹൈക്കിങ്, മാരത്തൺ റേസിങ്, കയാക്കിങ് തുടങ്ങിയവയിൽ അപകടത്തിൽപെടുന്നത് ഒഴിവാക്കാനായിരുന്നു ഇത്തരം ബോധവത്കരണം. സുരക്ഷയൊരുക്കാൻ മുന്നിൽ നിൽക്കുന്ന എല്ലാ സുരക്ഷ സേനയെയും അഭിനന്ദിക്കുന്നുവെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.