ദുബൈ: ടിക്കറ്റില്ലാതെ പെയ്ഡ് പാർക്കിങ് എളുപ്പത്തിൽ സാധ്യമാകുന്ന സംവിധാനം ദുബൈയിൽ 18 സ്ഥലങ്ങളിൽ കൂടി വരുന്നു. ദുബൈ ആസ്ഥാനമായ സ്മാർട്ട് പാർക്കിങ് കമ്പനി ‘പാർകോണികാ’ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇയിൽ വിവിധ സ്ഥലങ്ങളിൽ സ്മാർട് പാർക്കിങ് സംവിധാനം സജ്ജീകരിക്കുന്ന കമ്പനിയാണിത്.
ദുബൈ ഹാർബർ, ദുബൈ ഫ്യൂചർ മ്യൂസിയം, ഗ്ലോബൽ വില്ലേജ്, സോഫിടെൽ ഡൗൺടൗൺ, ക്രസന്റ് പാർക്ക്, സെൻട്രൽ പാർക്ക് എന്നിവിടങ്ങളിൽ കമ്പനി നിലവിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റിലെ ടോൾഗേറ്റ് സംവിധാനം നിയന്ത്രിക്കുന്ന ‘സാലികു’മായുള്ള പങ്കാളിത്തത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സ്ഥലങ്ങളിൽ അടുത്തയാഴ്ച മുതൽ സംവിധാനം നിലവിൽവരും.
നാദൽ ഹമർ യൂനിയൻ കൂപ്, ഹീറ ബീച്ച്, പാർക് ഐലൻഡ്സ്, യൂനിയൻ കൂപ് അൽ തവാർ, യൂനിയൻ കൂപ് സിലിക്കൺ ഒയാസിസ്, യൂനിയൻ കൂപ് അൽ ഖൂസ്, യൂനിയൻ കൂപ് അൽ ബർഷ, സെഡർ വില്ലാസ് കമ്യൂണിറ്റി സെന്റർ, ബുർജ് വിസ്ത, അൽ ഖസ്ബ, യൂനിയൻ കൂപ് അൽ മൻഖൂൽ, ലുലു അൽ ഖുസൈസ്, മറീന വാക്, വെസ്റ്റ് പാം ബീച്ച്, ജെ.ബി.ആർ ബീച്ച്, ഓപസ് ടവർ, അസൂർ റെസിഡൻസ്, യൂനിയൻ കൂപ് ഉമ്മുസുഖൈം എന്നിവിടങ്ങളിലാണ് പുതുതായി സംവിധാനം ഒരുക്കുന്നത്.
പാർകോണിക് ആപ് ഉപയോഗിക്കുന്നതിന്, ഡ്രൈവർമാർ ആദ്യം അക്കൗണ്ട് തുറക്കുകയും അവരുടെ വാഹന നമ്പർ പ്ലേറ്റുകൾ രജിസ്റ്റർ ചെയ്യുകയും അവരുടെ വാലറ്റുകൾ ടോപ് അപ് ചെയ്യുകയും വേണം. ഏതെങ്കിലും പാർകോണിക് നിയന്ത്രിത സ്ഥലങ്ങളിൽ പ്രവേശിച്ച് പാർക്ക് ചെയ്തശേഷം പുറത്തുകടക്കുമ്പോൾ, പാർക്കിങ് ഫീസ് വാലറ്റിൽനിന്ന് സ്വയമേവ കുറക്കുന്നതാണ് സംവിധാനം.
പാർകോണിക് പാർക്കിങ് സ്ഥലങ്ങളിൽ ഭൂരിഭാഗവും ദുബൈയിലാണെങ്കിലും, അബൂദബി, ഷാർജ, ഖോർഫക്കാൻ എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.