ദുബൈ: കഴിഞ്ഞ വർഷം ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങളിൽ മാത്രം മരിച്ചത് 10 പേർ. 254 ഇ-സ്കൂട്ടർ അപകടങ്ങളിലായാണ് 10 പേർ മരിച്ചത്. 259 പേർക്ക് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 17 പേരുടെ നില ഗുരുതരമായിരുന്നു. 133 പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണ്. 109 പേർക്ക് ചെറു പരിക്കുകളും സംഭവിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ രണ്ട് മരണം സംഭവിച്ചതായും ദുബൈ ട്രാഫിക് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ച രണ്ടുപേരും പ്രായപൂർത്തിയാകാത്തവരാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന ഇ-സ്കൂട്ടർ അപകടത്തിൽ 15കാരിയായ ഇന്ത്യൻ ബാഡ്മിന്റൺ താരവും മരിച്ചിരുന്നു. അൽ നഹ്ദയിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ട് ദിവസത്തിന് ശേഷം ഷാർജയിൽ ഇലക്ട്രിക് സ്കൂട്ടർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഒമ്പതുകാരനും ജീവൻ നഷ്ടപ്പെട്ടു. അറബ് വംശജയായ കുട്ടിയാണ് മരിച്ചത്.
യു.എ.ഇയിലെ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർ ഇ-സ്കൂട്ടർ ഉപയോഗിക്കാൻ പാടില്ല. ദുബൈയിൽ 16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി ഇ-സ്കൂട്ടർ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ആർ.ടി.എയുടെ പെർമിറ്റും നിർബന്ധമാണ്. ആർ.ടി.എ നടത്തുന്ന ട്രാഫിക് ബോധവത്കരണ പരിശീലന കോഴ്സിൽ വിജയിക്കുകയും വേണം. അതേസമയം, ഷാർജിൽ 14 വയസ്സിന് മുകളിലുള്ളവർക്ക് ഇ-സ്കൂട്ടർ ഉപയോഗിക്കാം.
രാജ്യത്ത് ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സോഫ്റ്റ് മൊബിലിറ്റി, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിഷ്പക്ഷമായ മേൽനോട്ടത്തിനായി ഫെഡറൽ സ്ഥാപനം രൂപവത്കരിക്കുന്നത് ഉൾപ്പെടെ, ഇ-സ്കൂട്ടറുകളുടെ ഉപയോഗം കർശനമാക്കണമെന്ന് റോഡ് സുരക്ഷ വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം നടന്ന ആകെ അപകടങ്ങളിൽ മരിച്ചത് 384 പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.