ദുബൈ: ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് ഗസ്സയിലെ കിഴക്കൻ ഖാൻ യൂനുസിന്റെ പരിസരപ്രദേശങ്ങളിൽ നിന്ന് എല്ലാം വിട്ട് ഓടേണ്ടിവന്ന ഫലസ്തീൻ ജനതക്ക് അടിയന്തര സഹായം എത്തിച്ച് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ് 3’ സംരംഭത്തിലൂടെയാണ് ടെന്റുകൾ, ഭക്ഷ്യവസ്തുക്കൾ, അടിയന്തര സഹായ വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള സഹായങ്ങൾ വിതരണം ചെയ്തത്.
ഖാൻ യൂനുസിൽ നിന്ന് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതു മുതൽ യു.എ.ഇയിലെ വളന്റിയർമാർ ഫലസ്തീൻ നിവാസികൾക്ക് സഹായമെത്തിക്കാനായി സജ്ജമായിരുന്നു. ഇവർ വിതരണം ചെയ്ത 13,000 ടെന്റുകൾ 72,000 ജനങ്ങൾക്ക് സഹായകമായി.
അതോടൊപ്പം മൂന്നു ലക്ഷത്തിലധികം ഫുഡ് പാർസലുകളും വിതരണം ചെയ്തിരുന്നു. ഗസ്സ മുനമ്പിലെ നിസ്സഹായരായ ആയിരങ്ങൾക്ക് വിശപ്പടക്കാൻ ഇതുവഴി സാധിച്ചതായി അധികൃതർ അറിയിച്ചു. ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതായി ഗസ്സ മുനമ്പിൽ യു.എ.ഇ ഫീൽഡ് ആശുപത്രി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിലവിൽ സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രോഗികൾക്ക് വിദൂര ചികിത്സ ലഭ്യമാക്കാനുള്ള സാങ്കേതിക വിദ്യകളും യു.എ.ഇ ആശുപത്രികളിൽ എത്തിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി കുട്ടികൾ ഉൾപ്പെടെയുള്ളവരെ അബൂദബിയിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ഫലസ്തീൻ ജനതക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.