ദുബൈ: കിഴക്കൻ ഗസ്സയിലെ അൽ തഅബീൻ സ്കൂളിൽ ആക്രമണം നടത്തിയ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് യു.എ.ഇ. നിരപരാധികളായ സിവിലയന്മാർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ശക്തമായ ഭാഷയിൽ നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിലെ ഫലസ്തീൻ സഹോദരങ്ങൾക്ക് അടിയന്തരവും സുരക്ഷിതവും സുസ്ഥിരവും തടസ്സമില്ലാത്തുമായ മാനുഷിക റിലീഫ്, മെഡിക്കൽ സഹായമെത്തിക്കുന്നത് ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൂടുതൽ ജീവനഷ്ടമുണ്ടാകുന്നത് ഒഴിവാക്കാൻ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും സിവിലിയന്മാരും സിവിലിയൻ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്നും യു.എ.ഇ ആവർത്തിച്ച് ആവശ്യപ്പെട്ടു. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ടു കൊണ്ടുപോകാനും യു.എ.ഇ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.