ഖോർഫക്കാനിൽ റമദാന് മുന്നോടിയായി അലങ്കാരങ്ങൾ ഒരുക്കിയ പള്ളി പരിസരം, മാസപ്പിറവി ദൃശ്യമായതോടെ ദുബൈയിലെ പള്ളിയിൽ രാത്രി നമസ്കാരം നിർവഹിക്കുന്ന വിശ്വാസികൾ
ദുബൈ: പുണ്യങ്ങളും നന്മകളും നിറഞ്ഞൊഴുകുന്ന റമദാൻ മാസത്തിന് സ്വാഗതമോതി നാടും നഗരവും. ഇമാറാത്തിന്റെ എല്ലാ മേഖലകളിലും റമദാനിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്ക് മുമ്പേതന്നെ ആരംഭിച്ചിരുന്നു. പള്ളികളിൽ നവീകരണങ്ങളും ഇഫ്താർ സംഗമങ്ങൾക്കും ടെന്റുകൾക്കും വേണ്ടിയുള്ള ഒരുക്കങ്ങളും നേരത്തേ പൂർത്തിയായി. സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും ജീവനക്കാർക്കും തൊഴിലാളികൾക്കും ആവശ്യമായ മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളിലും സമയമാറ്റവും വിദൂര പഠനമടക്കമുള്ള സംവിധാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പരമാവധി സൗകര്യപ്രദമായ രീതിയിൽ വിശ്വാസികൾക്ക് റമദാനെ സ്വീകരിക്കാൻ സാധിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സൂപ്പർമാർക്കറ്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റമദാൻ സൂഖുകളും മറ്റും തുറന്നിട്ടുമുണ്ട്. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ നഗരങ്ങളിലും റമദാന്റെ വരവ് അറിയിച്ചുള്ള ഒരുക്കങ്ങൾ ദൃശ്യമാണ്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ റമദാന്റെ പ്രാധാന്യം വിശദീകരിക്കുന്ന പ്രഭാഷണ സദസ്സുകളും സംഗമങ്ങളും കഴിഞ്ഞ മാസം സജീവമായി നടന്നിരുന്നു. വിവിധ കൂട്ടായ്മകൾ ഇഫ്താർ സംഗമങ്ങൾ റമദാനിൽ ആസൂത്രണം ചെയ്തിട്ടുമുണ്ട്.റമദാനിന് മുന്നോടിയായി 20 പള്ളികൾ ഷാർജ എമിറേറ്റിലെ വിവിധ മേഖലകളിൽ തുറന്നതായി ഇസ്ലാമികകാര്യ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലേറെ പേർക്ക് നമസ്കരിക്കാനുള്ള സൗകര്യമാണ് ഇൗ പള്ളികളിൽ ഒരുക്കിയിട്ടുള്ളത്.
റമദാന് മുന്നോടിയായി എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി സമഗ്ര പദ്ധതി ഷാർജ മുനിസിപ്പാലിറ്റി തയാറാക്കിയിട്ടുണ്ട്. ഭക്ഷ്യ വിൽപന നടത്തുന്ന ഔട്ട്ലറ്റുകൾക്ക് മേൽനോട്ടം വഹിക്കാൻ 380 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. റമദാനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ നൽകിത്തുടങ്ങിയതായും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.
വിവിധ എമിറേറ്റുകളിൽ റമദാനിൽ പൊതു പാർക്കിങ് സമയത്തിലും മാറ്റമുണ്ട്. ഇഫ്താറിനായി രണ്ട് മണിക്കൂർ വരെ സൗജന്യ പാർക്കിങ് അനുവദിക്കുന്നുണ്ട്. റമദാനിൽ യാചകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടനത്തിനിടെ പിടിയിലായാൽ മൂന്ന് മാസം വരെ തടവും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ബോധവത്കരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് വാര്‍ഷിക ‘യാചന നേരിടാം’ എന്ന പേരിൽ കാമ്പയിനും തടക്കമിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.