ദുബൈ: തുർക്കി പ്രസിഡന്‍റ് ഉർദുഗാന്‍റെ യു.എ.ഇ സന്ദർശനത്തിനിടെ ഒപ്പുവെച്ചത് 13 കരാറുകൾ. അബൂദബി ഖസ്ർ അൽ വതൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്റെയും ഉർദുഗാന്‍റെയും സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്.
ആരോഗ്യം, കൃഷി, ഗതാഗതം, വ്യവസായം, ആധുനിക സാങ്കേതിക വിദ്യ, പ്രതിരോധം, കാലാവസ്ഥ, സംസ്കാരം, ദുരന്ത നിവാരണം, മീഡിയ, യുവജന വികസനം തുടങ്ങിയ മേഖലകളിലാണ് കരാറുകൾ ഒപ്പുവെച്ചത്. എക്സ്പോയിലും ഉർദുഗാൻ സന്ദർശനം നടത്തി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അദ്ദേഹത്തെ സ്വീകരിച്ചു. അതേസമയം, പതിറ്റാണ്ടിനിടെ ആദ്യമായി യു.എ.ഇയിൽ എത്തിയ ഉർദുഗാന് ഊഷ്മള സ്വീകരണമാണ് രാജ്യം ഒരുക്കിയത്. ബുർജ് ഖലീഫ അടക്കം രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം തുർക്കി പതാക തെളിഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയാണ് ഉർദുഗാനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
രണ്ട് മാസം മുമ്പ് ശൈഖ് മുഹമ്മദ് ബിൻ സായിദ് തുർക്കിയിലെത്തിയപ്പോൾ ലഭിച്ച ഊഷ്മള സ്വീകരണത്തിനുള്ള നന്ദികൂടിയായിരുന്നു യു.എ.ഇയിൽ ഒരുക്കിയ സ്വീകരണം. തുർക്കിയിൽ നിക്ഷേപമിറക്കാൻ യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിക്കുന്നതായി ഉർദുഗാൻ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മുഖ്യലക്ഷ്യം. ഗൾഫിൽ തുർക്കിയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യു.എ.ഇയെന്നും ഉർദുഗാൻ കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.