ദുബൈ: അമേരിക്കയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ലീഗിലേക്കുള്ള യു.എ.ഇ ദേശീയ ടീമിൽ മൂന്ന് മലയാളികൾ. കണ്ണൂർ തലശേരി സ്വദേശി റിസ്വാൻ റഊഫ്, കോഴിക്കോട് സ്വദേശി ബാസിൽ ഹമീദ്, കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫു എന്നിവരാണ് ടീമിൽ ഇടം നേടിയത്. മെയ് 31 മുതൽ സ്കോട്ലൻഡ്, യു.എസ്.എ ടീമുകൾക്കെതിരായാണ് മത്സരങ്ങൾ.
അഹ്മദ് റാസയാണ് ടീം നായകൻ. മലയാളി താരങ്ങൾക്ക് പുറമെ തമിഴ്നാട്ടുകാരൻ കാർത്തിക് മെയ്യപ്പനും ടീമിൽ ഇടംനേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏക മലയാളിയാണ് റിസ്വാൻ റഊഫ്. അയർലെൻഡിനെതിരെ യു.എ.ഇക്കായി 109 പന്തിൽ 136 റൺസാണ് റിസ്വാൻ അടിച്ചെടുത്തത്.
യു.എ.ഇ ടീമിന് ട്വന്‍റി ലോകകപ്പ് യോഗ്യത ലഭിച്ചപ്പോൾ ടീമിലുണ്ടായിരുന്ന താരമാണ് ബാസിൽ ഹമീദ്. ഈ വർഷം അവസാനം ആസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ബാസിലും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. യു.എ.ഇ അണ്ടർ 19 ടീമിന്‍റെ നായകനാണ് അലിഷാൻ ഷറഫു.
ആദ്യമായാണ് ഒരു മലയാളി താരം യു.എ.ഇ ടീമിന്‍റെ നായകനാകുന്നത്. അലിഷാന്‍റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് ടീം നടത്തിയത്. മെയ് 31ന് സ്കോട്ട്ലൻഡിനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. ജൂൺ ഒന്നിന് യു.എസ്.എയെ നേരിടും. ജൂൺ മൂന്നിനും നാലിനും ഈ ടീമുകൾക്കെതിരെ ഓരോ മത്സരം കൂടിയുണ്ട്.
ഐ.സി.സിയുടെ പൂർണ അംഗത്വത്തിന് ശ്രമിക്കുന്ന യു.എ.ഇക്ക് നിർണായകമാണ് ഈ ടൂർണമെന്‍റ്. എല്ലാ മത്സരങ്ങളും ജയിച്ച് പോയന്‍റ് നില ഉയർത്തുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. രണ്ട് മാസത്തിനിടെ കളിച്ച 11 മത്സരങ്ങളിൽ ഏഴിലും ജയിക്കാനും ഒരു സമനില നേടാനും യു.എ.ഇക്ക് കഴിഞ്ഞിരുന്നു. മുൻ ഇന്ത്യൻ താരം റോബിൻ സിങാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.