അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന സങ്കീര്‍ണതകളില്‍ പ്രധാനമാണ് പാദം സംബന്ധമായ പ്രശ്നങ്ങള്‍. പ്രമേഹ രോഗികളില്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന രക്തധമനികളിലെ തടസ്സങ്ങള്‍, നാഡികളുടെ പ്രവര്‍ത്തനത്തകരാറുകള്‍ മുതലായവയാണ് പാദരോഗങ്ങളുടേയും അടിസ്ഥാനകാരണം. ഇത്തരം മാറ്റങ്ങള്‍ പ്രമേഹരോഗിയുടെ ശരീരംമുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കും. അതിനാല്‍, കാലിലുണ്ടായ മാറ്റങ്ങള്‍ ഹൃദയത്തിലുണ്ടായ മാറ്റങ്ങളുടെ തുടക്കമായി പ്രമേഹരോഗി കരുതണം.
പ്രമേഹരോഗിയില്‍ പാദരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങളാണ്.
1) രക്തയോട്ടം കുറയുന്നത് പാദരോഗങ്ങള്‍ക്കിടയാക്കും:
കടുത്ത പ്രമേഹമുള്ളവരില്‍ ചെറിയ രക്തലോമികകളും ഒപ്പം വലിയ രക്തക്കുഴലുകളും അടഞ്ഞിരിക്കും. കാലിലേക്കും പാദത്തിലേക്കുമുള്ള രക്തക്കുഴലുകള്‍ സങ്കോചിച്ച് അങ്ങോട്ടൊഴുകുന്ന രക്തത്തിന്‍െറ അളവ് കുറക്കുന്നതിനാല്‍ ഓക്സിജനും പോഷകാംശങ്ങളും കുറയുന്നു. തുടര്‍ന്ന് മുറിവുകള്‍ ഉണങ്ങാന്‍ വൈകുകയും ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. നടക്കുമ്പോള്‍ കാല്‍വണ്ണകളിലുണ്ടാകുന്ന വേദന രക്തക്കുഴലുകളുടെ അടവിന്‍െറ പ്രധാന ലക്ഷണമാണ്. ചര്‍മത്തിന്‍െറ നിറം, മാർദവം, രോമകൂപങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇവ രക്തയോട്ടത്തിലെ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നു. വിരലുകളില്‍ കറുപ്പുനിറം, വ്രണങ്ങളുടെ ഉള്‍ഭാഗത്തെ നിറവ്യത്യാസം, ഉണങ്ങാത്ത വ്രണങ്ങള്‍ ഇവ രക്തയോട്ടക്കുറവിന്‍െറ ലക്ഷണങ്ങളാണ്. ദിവസവുമുള്ള പാദപരിശോധനയിലൂടെ രോഗിക്കുതന്നെ മാറ്റങ്ങള്‍ കണ്ടത്തൊനാകും.
2) ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍:
നാഡികളുടെ പ്രവര്‍ത്തനം കുറയുന്നത് ഏറ്റവുമധികം ബാധിക്കുന്നത് പ്രമേഹരോഗിയുടെ കാലുകളെയാണ്. നാഡികളുടെ ശേഷിക്കുറവുമൂലം പാദങ്ങളില്‍ തഴമ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം പാദത്തിനടിയില്‍ സാധാരണമല്ലാത്ത സമ്മര്‍ദകേന്ദ്രങ്ങളും രൂപംകൊള്ളും. ഇങ്ങനെയുണ്ടാകുന്ന ചെറിയ രൂപമാറ്റങ്ങള്‍പോലും പിന്നീട് വലിയ വ്രണങ്ങള്‍ക്ക് കാരണമാകും. മുറിവുകള്‍ കരിയാനും അസാധാരണമായ താമസമുണ്ടാകാറുണ്ട്. പ്രമേഹരോഗിക്ക് രോഗപ്രതിരോധശേഷി കുറവായതിനാല്‍ വ്രണങ്ങള്‍ മാരകമാകും. അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ഉചിതമായ ചികിത്സ കിട്ടാതെ വരുന്നതോ ഒക്കെ കാല്‍ മുറിച്ചുമാറ്റലിന് ഇടയാക്കാറുണ്ട്. ചിലപ്പോള്‍ മരണകാരണവുമാകാറുണ്ട്. പ്രമേഹരോഗി പുകവലിക്കാരനാണെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാറുണ്ട്.
നാഡികളുടെ പ്രവര്‍ത്തനക്കുറവിനെ തുടര്‍ന്നുള്ള മരവിപ്പുമൂലം വേദന, ചൂട്, തണുപ്പ് ഇവയൊന്നും രോഗിക്ക് തിരിച്ചറിയാനാവുകയില്ല. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍ ശരീരഭാഗങ്ങള്‍ മുറിഞ്ഞാലൊ വ്രണങ്ങള്‍ രൂപപ്പെട്ടാലൊ പലപ്പോഴും തിരിച്ചറിയാറില്ല. പ്രമേഹം പാദങ്ങളിലെ സ്പര്‍ശനശേഷി കുറക്കുന്നതോടൊപ്പം പാദങ്ങള്‍ വിയര്‍ക്കാതിരിക്കാനും ഇടയാക്കും. വരണ്ടകാലുകളില്‍ വിള്ളലുകളും വ്രണങ്ങളും ഉണ്ടാകും. വരള്‍ച്ച, വിള്ളലുകള്‍ എന്നിവ നാഡികളുടെ പ്രവര്‍ത്തനക്കുറവിന്‍െറ സൂചനകളാണ്.
3) അണുബാധ:
അണുബാധക്കുള്ള സാധ്യത പ്രമേഹരോഗിയില്‍ വളരെ കൂടുതലായതിനാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. രോഗാണുക്കള്‍ക്ക് ശരീരത്തിലേക്ക് കടന്നുവരാനുള്ള കവാടമാണ് വ്രണങ്ങള്‍. വിരലിന്‍െറ അറ്റത്ത് മാത്രമേ മുറിവുള്ളൂവെങ്കിലും അണുബാധ പലപ്പോഴും മുട്ടുവരെയോ അതിലധികമൊ എത്തിയിട്ടുണ്ടാകും.
പാദങ്ങളെ സംരക്ഷിക്കാം:
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.