നെഞ്ചെരിച്ചില്‍ തടയാം...

വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. ഭക്ഷണം കഴിച്ച് അല്‍പനേരം കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമായാണ് തുടക്കം. ശക്തമായി ഉയര്‍ന്നുപൊങ്ങുന്ന അമ്ളസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കും. ചിലരില്‍ പുളിരസം തികട്ടിവരാറുമുണ്ട്. ഗ്രാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് അഥവാ ‘ഗര്‍ഡ്’ എന്ന ഈ അവസ്ഥയെ ആയുര്‍വേദത്തില്‍ ‘അമ്ളപിത്തം’ എന്നാണ് പറയുക.

നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതെങ്ങനെ..?
പല കാരണങ്ങള്‍ കൊണ്ടും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ എന്ന വാല്‍വിന്‍െറ താളംതെറ്റിയ പ്രവര്‍ത്തനങ്ങളാണ് നെഞ്ചെരിച്ചിലിനിടയാക്കുന്ന പ്രധാന കാരണം. താഴേക്ക് മാത്രം തുറക്കാനാവുന്ന ഒരു വാതില്‍ ആണ് ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ അഥവാ വൃത്തപേശികള്‍. ഭക്ഷണം അന്നനാളത്തിലേക്ക് കടന്നുവരുമ്പോള്‍ ഈ വാല്‍വ് തുറക്കുകയും ആഹാരം ആമാശയത്തിലേക്ക് കടക്കുകയും ചെയ്യും. ഭക്ഷണം കടന്നുകഴിഞ്ഞാല്‍ ഉടനെ വാല്‍വ് താനേ അടയും. എന്നാല്‍, വാല്‍വ് ദുര്‍ബലമാകുമ്പോഴും ഇടക്കിടെ വികസിക്കുമ്പോഴും പകുതി ദഹിച്ച ഭക്ഷണങ്ങളും അമ്ളരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ കടക്കുന്നു. ഇങ്ങിനെ സംഭവിക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക.
അസമയത്തും ആവശ്യത്തിലധികവുമായി കഴിക്കുന്ന ഭക്ഷണങ്ങളും നെഞ്ചെരിച്ചിലിന് വഴിയൊരുക്കാറുണ്ട്. കൂടാതെ ചിലയിനം ഭക്ഷണങ്ങളും ആമാശയത്തിലെ ദഹനരസങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ശരിയാകാതെ വരുന്നതും നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. പുളി, ഉപ്പ്, എരിവ്, മസാല എന്നിവയുടെ കൂടിയ തോതിലുള്ള ഉപയോഗവും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്.
ദഹനരസങ്ങളും ആസിഡും ആമാശയത്തിലത്തെുകയും അവക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന ഭക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലും നെഞ്ചെരിച്ചിലില്‍ വരാം. കഴിച്ച ഉടനെ കിടക്കുക, കുനിയുക എന്നിവയും മദ്യപാനം, പുകവലി തുടങ്ങിയ ഘടകങ്ങളും നെഞ്ചെരിച്ചില്‍ കൂട്ടാറുണ്ട്. പ്രമേഹം, ആസ്തമ തുടങ്ങിയ രോഗങ്ങളും നെഞ്ചെരിച്ചില്‍ വര്‍ധിപ്പിക്കാറുണ്ട്.  

ലക്ഷണങ്ങള്‍
വയറിന്‍െറ മുകള്‍ഭാഗത്തുനിന്ന് നെഞ്ചിന്‍െറ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കും കഴുത്തിലേക്കും ചിലപ്പോള്‍ പുറത്തേക്കും വ്യാപിക്കുന്ന എരിച്ചിലായാണ് മിക്കവരിലും നെഞ്ചെരിച്ചില്‍ പ്രകടമാവുക. കൂടാതെ.
നെഞ്ച്വേദന,വരണ്ടചുമ,വായിലുംതൊണ്ടയിലും പുളിരസം, തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നത് പോലെ തോന്നുക, ഭക്ഷണം ഇറക്കാന്‍ പ്രയാസം, പുളിച്ച് തികട്ടല്‍,വായില്‍ വെള്ളംനിറയുക എന്നീ ലക്ഷങ്ങളും ഉണ്ടാവാറുണ്ട്,നെഞ്ചെരിച്ചില്‍ പുകച്ചിലുമുണ്ടാക്കാറുണ്ട്. ആസിഡില്‍നിന്ന് ആമാശഭിത്തികളെ സംരക്ഷിക്കുന്ന ശ്ളേഷ്മസ്തരം അന്നനാളത്തില്‍ ഇല്ലാത്തതിനാല്‍ ആസിഡ് തട്ടുമ്പോള്‍ അന്നനാളത്തില്‍ പുകച്ചിലുണ്ടാകും.

സങ്കീര്‍ണതകള്‍
അമ്ളരസമടങ്ങിയ ഭക്ഷണങ്ങള്‍ ആമാശയത്തില്‍നിന്ന് തുടര്‍ച്ചയായി എത്തുന്നത് അന്നനാളത്തില്‍ നീര്‍വീക്കമുണ്ടാക്കും. അന്നനാളം ചുരുങ്ങിപ്പോവുക, പൊറ്റകള്‍ രുപപ്പെടുക, പുണ്ണുണ്ടാവുക, രക്തസ്രാവം, ഭക്ഷണം ഇറക്കാന്‍ കഴിയാതെ വരുക, അന്നനാളത്തിലെ കോശങ്ങള്‍ക്ക് ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാവുക തുടങ്ങിയ ഗുരുതരാവസ്ഥകളും നെഞ്ചെരിച്ചില്‍ സൃഷ്ടിക്കാറുണ്ട്. 

ഗര്‍ഭിണികളിലെ നെഞ്ചെരിച്ചില്‍
ഗര്‍ഭിണികളില്‍ അവസാനമാസങ്ങളിലാണ് നെഞ്ചെരിച്ചില്‍ കൂടുതലായി കണ്ടുവരുന്നത്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍മൂലം സ്ഫിങ്റ്റര്‍ പേശി അയയുന്നത് നെഞ്ചെരിച്ചിലിനിടയാക്കും. ഗര്‍ഭിണികളില്‍ ആമാശയത്തില്‍നിന്ന് കുടലിലേക്ക് ഭക്ഷണം പോകുന്നതിനുള്ള താമസവും നെഞ്ചരിച്ചിലുണ്ടാക്കും. നാരുകളുള്ളതും  എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം ഇടവിട്ട് കഴിക്കുന്നത് നല്ല ഫലം തരും. ആഹാരശേഷം കിടക്കുമ്പോള്‍ തലയണ ചാരിവെച്ച് നെഞ്ചിന്‍െറ ഭാഗം ഉയര്‍ത്തിവച്ച് കിടക്കാനും ഗര്‍ഭിണി ശ്രദ്ധിക്കണം. 

നെഞ്ചെരിയും ഭക്ഷണങ്ങള്‍
എരിവും പുളിയും കൂടിയ ഭക്ഷണങ്ങള്‍, വിരുദ്ധാഹാരങ്ങള്‍, കാപ്പി, കോള, ചായ, ഐസ് ചായ, മുതിര, മരച്ചീനി, ഓറഞ്ച്, മില്‍ക്ക് ഷേക്ക്, അണ്ടിപ്പരിപ്പുകള്‍, മസാല ചേര്‍ന്ന ഭക്ഷണങ്ങള്‍, കൃത്രിമ നിറവും കൊഴുപ്പും ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ നെഞ്ചെരിച്ചിലുണ്ടാക്കാറുണ്ട്.
എന്നാല്‍, തവിട് നീക്കാത്തെ ധാന്യങ്ങളിലടങ്ങിയ സിങ്കിന് നെഞ്ചെരിച്ചില്‍ തടയാനാകും. കൊഴുപ്പ്മാറ്റിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, കോഴിയിറച്ചി ഇവയിലടങ്ങിയ മാംസ്യം എന്നിവ സ്ഫിങ്റ്റര്‍ പേശിയെ മുറുക്കമുള്ളതാക്കി നെഞ്ചെരിച്ചില്‍ കുറക്കും. പഴുത്ത മാങ്ങ, കാരറ്റ്്, മത്തങ്ങ ഇവയും ഗുണകരമാണ്.
അമ്ളത കുറക്കുന്ന ബീറ്റ്റൂട്ട്്, ഗ്രീന്‍പീസ്, കുമ്പളം, വെള്ളരി, ഇഞ്ചി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നാരുകള്‍ ധാരാളമുള്ളതിനാല്‍ ഉരുളക്കിഴങ്ങ്, ബീന്‍സ്, മലര്‍, ബാര്‍ലി, പടവലം, ചേന ഇവയും ഉര്‍പ്പെടുത്താം. നെല്ലിക്ക, മാതളം, പേരക്ക, ഏത്തപ്പഴം എന്നിവയും ഗുണകരമാണ്.
ദിവസവും 10-12 ഗ്ളാസ് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. എന്നാല്‍, ഭക്ഷണം കഴിക്കുമ്പോള്‍ ഇടക്കിടെ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കഴിക്കുന്നതിനിടയില്‍ പിരിമുറുക്കം കൂട്ടുന്ന ചിന്തകളും ഒഴിവാക്കണം.

നെഞ്ചെരിച്ചിലും ഹൃദ്രോഗവും
നെഞ്ചെരിച്ചിലിന് ഹൃദ്രോഗാനന്തരമുള്ള അസ്വസ്ഥതകളുമായി ഏറെ സാമ്യമുണ്ട്. നെഞ്ചെരിച്ചില്‍ ഹൃദ്രോഗവും, ഹൃദ്രോഗം നെഞ്ചെരിച്ചിലായും തെറ്റിദ്ധരിക്കപ്പെടാം. പരിശോധനയിലൂടെ രോഗ നിര്‍ണയം നടത്തേണ്ടതാണ്.

പരിഹാരമാര്‍ഗങ്ങള്‍
വിവിധ അവസ്ഥകള്‍ക്കനുസരിച്ചാണ് ആയുര്‍വേദ ചികിത്സകള്‍ നല്‍കുക, ശോധനം, ശമനം എന്നിവക്കൊപ്പം പഥ്യാഹാരം ശീലമാക്കേണ്ടതും നെഞ്ചെരിച്ചില്‍ തടയാന്‍ അനിവാര്യമാണ്. ഒപ്പം ലഘു വ്യായാമങ്ങളും ശീലമാക്കണം.
മല്ലി ചതച്ച് രാത്രിയില്‍ ഒരു ഗ്ളാസ് വെള്ളത്തില്‍ ഇട്ടുവെച്ചത് രാവിലെ പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റും. 
മുത്തങ്ങയോ ചുക്കും ജീരകമോ ചതച്ചിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കാം.
ആഴ്ചയില്‍ രണ്ടുതവണയെങ്കിലും മലരിട്ട് കഞ്ഞിവച്ച് കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റും.
തുമ്പപ്പൂ പിഴിഞ്ഞ നീര് പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് നല്ല ഫലം തരും.
നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ മല്ലി ചവച്ചിറക്കുന്നത് ഏറെ ഫലപ്രദമാണ്.
drpriyamannar@gmail.com
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.