മഴക്കാല ഋതുചര്യ
വര്‍ഷഋതുവാണ് ഋതുക്കളില്‍ ഏറ്റവും മനോഹരി എന്ന് പറയാം. കാരണം മഴയുടെ പകര്‍ന്നാട്ടം പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍; വിവിധാകാരങ്ങളായ ചിത്രപ്പണികളുമായി മേഘാവൃതമായ ആകാശം: ഇതിലും മനോഹരമായി നമുക്ക് ഏത് ഋതുവാണുള്ളത്! തണുപ്പിന്‍ കുളിര്‍മ്മ മനസിലേക്കും ശരീരത്തിലേക്കും അരിച്ചിറങ്ങുമ്പോള്‍ മനുഷ്യന്‍ ഉല്ലാസവാനായും സന്തോഷവാനായും മാറുന്നു. മഴയുടെ സ്നിഗ്ധത മനസിലും പ്രകൃതിയിലും പുതു നാമ്പുകള്‍ ഉയിര്‍കൊള്ളുന്നതിന് കാരണമാകുന്നു. മഴയെ പ്രകീര്‍ത്തിക്കാത്ത കവിയില്ലത്രേ..
എന്നിരുന്നാലും മഴക്കാലം രോഗങ്ങളുടെ കാലമാണ്. സാംക്രമികവും അല്ലാത്തതുമായ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന കാലം. ത്രിദോഷങ്ങളും കോപിക്കുന്ന കാലം. ഗ്രീഷ്മകാലം ശരീരത്തിലേല്പിച്ച ആഘാതത്തിന് രൂപമുണ്ടാകുന്നത് മഴക്കാലത്താണ്. ഗ്രീഷമകാലത്ത് ശരീരത്തില്‍ ഉണ്ടായ രൂക്ഷഗുണ വൃദ്ധി മഴക്കാലത്തെ തണുപ്പുകൂടി ചേരുമ്പോഴാണ് രോഗകാരണമായ വാത ദോഷവൃദ്ധിയായി പരിണമിക്കുന്നത്. ഇത് സ്വസ്ഥനില്‍ നടക്കുന്ന പ്രവര്‍ത്തിയാണ്. എന്നാല്‍ രോഗമുള്ളവന് അവന്‍റെ ശരീരത്തില്‍ ആദ്യമേ ഉള്ള ദോഷപ്രകോപത്തിന് അനുസരിച്ച് രോഗത്തിന് വൃദ്ധി സംഭവിക്കുന്നു. അതായത് വാത രോഗമുള്ളവര്‍ക്ക് മഴക്കാലത്തെ തണുപ്പുകൂടി ചേരുമ്പോള്‍ വാത ദോഷ വൃദ്ധി ഉണ്ടാകുകയും രോഗത്തിന് വൃദ്ധിയുണ്ടാകുകയും ചെയ്യും. അതുപോലെ കഫത്തിന്‍റെ ശല്യമുള്ളവര്‍ക്ക് തണുപ്പിന്‍റേയും ആര്‍ദ്രതയുടേയും ആധിക്യത്തില്‍ കഫദോഷം വര്‍ദ്ധിച്ച് ഉപദ്രവമുണ്ടാകുന്നു.
ഉദര സംബന്ധമായ അസുഖമുള്ളവര്‍ക്ക് മഴക്കാലത്തുണ്ടാകുന്ന അഗ്നിമാന്ദ്യം വീണ്ടും ഉദരവൈഷമ്യത്തിനും കാരണമാകുന്നു. മഴക്കാലം വിഷത്തിന്‍റെ വ്യാപനത്തിനും കാരണമാകുന്നുണ്ട്. മഴക്കാലത്ത് കുളങ്ങളും കിണറുകളും കരകവിഞ്ഞൊഴുകുന്നു. ജലാശയങ്ങളിലെ ജലം ദുഷിച്ചതും വൃത്തിഹീനമായവയുമായ ഇടങ്ങളില്‍ നിന്ന് ഒഴുകി വന്നതുമായ ജലത്തിന്‍റെ ഉപഭോഗം മൂലം ഉദര സംബന്ധമായ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന കാലമാണിത്. അതിനാല്‍ തന്നെ ആരോഗ്യ ചിന്തയുള്ളവര്‍ കരുതിയിരിക്കേണ്ടുന്ന കാലവുമാണ് മഴക്കാലം.
വര്‍ഷ ഋതുവില്‍ കഷായ വസ്തി പഞ്ചകര്‍മ്മമായി വിധിച്ചിരിക്കുന്നു. വാതത്തിന്‍റെ പ്രകോപകാലത്തുതന്നെ വാതദോഷ വൃദ്ധിക്ക് ഏറ്റവും ശ്രേഷ്ടമായ കഷായവസ്തി ചെയ്യുന്നത് ഉത്തമമത്രേ. അതിനാല്‍ തന്നെ വിവിധ ശരീരവേദനകള്‍, വാത രോഗങ്ങള്‍ എന്നിവയുള്ളവര്‍ വിധിപ്രകാരം കഷായവസ്തി ചെയ്യുന്നത് നല്ലതായിരിക്കും. ധാന്യങ്ങളില്‍ പഴക്കം ചെന്ന ധാന്യമാണ് മഴക്കാലത്ത് നല്ലത്. ദഹനത്തിന് ലഘുവായിരിക്കും എന്നുള്ളത് മാത്രമല്ല പഴകിയ ധാന്യം തവിടുകൊണ്ട് സംപുഷ്ടവുമാണ്. വിവിധ തരം മാംസങ്ങള്‍ കൊണ്ട് സൂപ്പ് ഉണ്ടാക്കികഴിക്കുന്നത് വര്‍ഷഋതുവില്‍ നന്ന്. അഗ്നിവര്‍ദ്ധിക്കുവാനും ശരീരബലമുണ്ടാകുവാനും ഇത് സഹായിക്കുന്നു.
അരിഷ്ടം ആസവം എന്നിവ ശീലമാക്കുന്നതും മഴക്കാലത്ത് പഥ്യമത്രേ. ഉദാഹരണത്തിന്, വിധിപ്രകാരം തയാറാക്കിയ ദശമൂലാരിഷ്ടം അഗ്നിബലമുണ്ടാകുവാനും ശരീരബലം, രോഗപ്രതിരോധ ശേഷി എന്നിവയുണ്ടാകുവാനും, വാത ദോഷത്തെ സമമാക്കുവാനും സഹായിക്കുന്നതാണ്. തൈരിന്‍റെ തെളി വെള്ളം കൊണ്ടുണ്ടാക്കുന്ന ഒരു പാനകം ഈ ഋതുവില്‍ വിധിക്കുന്നു. പഞ്ചകോലം പൊടിച്ചതും തുവര്‍ച്ചിലയുപ്പും ചേര്‍ത്ത് തൈരിന്‍റെ തെളിവെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നത് അഗ്നിവൃദ്ധിക്കും ഉദര സംബന്ധമായ പ്രശ്മങ്ങള്‍ ഒഴിവാകുന്നതിനും നല്ലതാണ്. കിണരിന്‍ വെള്ളമോ ശേഖരിച്ച മഴവെള്ളമോ നന്നായി തിളപ്പിച്ചതിന് ശേഷം മാത്രം കുടിക്കാന്‍ ഉപയോഗിക്കാം.
ഔഷധ കഞ്ഞി
മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ ഔഷധ കഞ്ഞി ഫലപ്രദമാണ്. ഇന്ന് മാര്‍ക്കറ്റില്‍ പല ഔഷധ കഞ്ഞികളും ലഭ്യമാണ്. നമ്മുടെ മുറ്റത്തും പറമ്പിലും കാണപ്പെടുന്ന പല ഔഷധ സസ്യങ്ങളും ഉപയോഗിച്ച് ഔഷധ കഞ്ഞി തയ്യാറാക്കാവുന്നതാണ്. യദാര്‍ത്ഥത്തില്‍ റെഡി മെയ്ഡ് കൂട്ടുകളേക്കാള്‍ ഫലപ്രദവും അത്തരം തയ്യാറിപ്പുകളാണ്. മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ മഴയത്ത് മുളച്ച ചില ചെറു ഔഷധ സസ്യങ്ങളെ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഋതുക്കള്‍ മാറുമ്പോഴുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഔഷധ സസ്യങ്ങളും ഫലമൂലാദികളും അതാത് കാലത്ത് തന്നെ പ്രകൃതി ഒരുക്കുന്നു എന്നത് കൌതുകകരമായി തോന്നിയേക്കാം.
ഔഷധ കഞ്ഞി ഉണ്ടാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
1.തഴുതാമ,
2. കുറുന്തോട്ടി
3. മുക്കുറ്റി
4. തൊട്ടാവാടി
5. നിലപ്പന
6 ചെറൂള
7. ചെറുകടലാടി
എന്നിവയുടെ എല്ലാം നീര് ഒരു ഗ്ലാസ്.
8. ഉലുവ- മൂന്ന് സ്പണ്‍
9. ജീരകം- ഒരു സ്പൂണ്‍(എന്നിവ പൊടിക്കാതെ)
10. മുത്തങ്ങ
11. ഞെരിഞ്ഞില്‍
12. ഓരില വേര്
(എല്ലാം കൂടി അരപ്പിടി, പൊടിക്കാതെ)
10.ചുക്ക്- ഒരു സ്പൂണ്‍
11. തിപ്പലി- ഒരു സ്പൂണ്‍
12. കുരുമുളക്- ഒരു സ്പൂണ്‍
13. ഇന്ദുപ്പ്- ഒരു നുള്ള്
(എന്നിവ പൊടിച്ചത്. )
ഉണക്കലരി- ഒരു ഗ്ളാസ്
തേങ്ങാപ്പാല്‍- ഒരു ഗ്ലാസ്, ഒന്നാം പാലും രണ്ടാം പാലും മാറ്റി
തയ്യാറാക്കുന്ന വിധം
രണ്ടാം പാലും പച്ചമരുന്നുകളുടെ നീരും, ഉലുവ, ജീരകം, മുത്തങ്ങ, ഞെരിഞില്‍, ഓരില വേര് എന്നിവയും ആവശ്യത്തിന് വേള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇത് നന്നായി വേവുമ്പോള്‍ ഉണക്കലരി ഇടുക. അരി വെന്തതിന് ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക. അതിനുശേഷം ചുക്ക്, കുരുമുളക്, തിപ്പലി, ഇന്ദുപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് കഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.