ഒരു വ്യക്തിയുടെ ആരോഗ്യവും വ്യക്തിത്വവും രൂപംകൊള്ളുന്നതിൽ അവെൻറ ജനനം മുതലുള്ള ഒാരോ നിമിഷവും പ്രധാനപ്പെട്ടതാണ്. ശരിയായ ശിശുപരിപാലനം വഴി ശരിയായ ആരോഗ്യവും വ്യക്തിത്വവും രൂപംകൊള്ളുന്നു. ഗർഭിണിയുടെ പഥ്യമായ ആഹാര വിഹാരങ്ങളും ശാരീരികവും മാനസികവുമായ ആരോഗ്യവും ഗർഭസ്ഥ ശിശുവിെൻറ വളർച്ചയെ സാരമായി സ്വാധീനിക്കും. ഗർഭസ്ഥ ശിശുവിെൻറ വളർച്ചയെയും വികാസത്തെയും സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
ഗർഭധാരണ സമയം മുതൽ കുഞ്ഞിെൻറ വളർച്ച ആരംഭിക്കുന്നു. ഗർഭകാലത്തിെൻറ രണ്ടാമത്തെ പകുതിയിലും ശൈശവത്തിെൻറ ആദ്യ നാളുകളിലുമാണ് ശരീരം പെട്ടെന്ന് വളരുന്നത്. തലച്ചോറിെൻറ വളർച്ച ഏറ്റവും വേഗത്തിൽ നടക്കുന്നത് ഗർഭത്തിെൻറ അവസാന മാസങ്ങളിലും ശൈശവത്തിെൻറ ആദ്യ മാസങ്ങളിലുമാണ്.
സ്തന്യപാനം
പ്രസവിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിന് മുലപ്പാൽ കൊടുത്തുതുടങ്ങണം. ആരോഗ്യവാനായ കുഞ്ഞ് ഉത്സാഹപൂർവം മുലപ്പാൽ വലിച്ചുകുടിക്കും. സ്തനങ്ങൾ കുഞ്ഞിെൻറ കവിളിൽ സ്പർശിച്ചാൽ കുഞ്ഞ് മുഖംതിരിച്ച് ചുണ്ടുകൾ മുലക്കണ്ണുകളെ തേടിപ്പിടിക്കും. മാസമെത്താതെ ജനിച്ച കുഞ്ഞോ ഏതെങ്കിലും രോഗമുള്ള കുഞ്ഞോ ആണെങ്കിൽ മുലപ്പാൽ ശരിയാംവണ്ണം വലിച്ചു കുടിക്കില്ല. പ്രസവശേഷം ആദ്യം സ്രവിച്ചുവരുന്നതിനെ കൊളസ്ട്രം എന്നാണ് പറയുന്നത്. ഇത് കുഞ്ഞിന് അമൃതിനു തുല്യമാണ്. രോഗപ്രതിരോധത്തിലും പോഷണത്തിലും ഏറെ പ്രധാനമാണിത്.
മുലയൂട്ടല്‍ രീതികള്‍
കുഞ്ഞിനും അമ്മക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്നോ കിടന്നോ മുലയൂട്ടാം. പുറംചാരി ഇരുന്ന് കുട്ടിയുടെ തല ഒരു കൈകൊണ്ട് താങ്ങിപ്പിടിച്ച് മുലക്കണ്ണും അതിനു ചുറ്റുമുള്ള ഏരിയോളയും കുട്ടിയുടെ വായ്ക്കകത്താക്കി അമ്മയുടെ മറ്റേ കൈകൊണ്ട് തടഞ്ഞ് ആദ്യ നാളുകളിൽ മുലയൂട്ടുന്നത് വളരെ ഉചിതമാണ്. മുലക്കണ്ണുമാത്രം കുഞ്ഞിെൻറ വായിലാക്കി മുലയൂട്ടിയാൽ കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടാതെവരുകയും മുലക്കണ്ണു വിണ്ടുകീറൽ, മുലച്ചൂട് മുതലായ അവസ്ഥകൾ ഉണ്ടാവുകയും ചെയ്യും.
ഒാരോ രണ്ടു മണിക്കൂർ കൂടുമ്പോഴും കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. കൃത്യമായി മുലയൂട്ടിക്കൊണ്ടിരുന്നാൽ മാത്രമേ മുലപ്പാൽ സ്രവിപ്പിക്കുന്ന അന്തസ്രാവ്യ ഗ്രന്ഥികൾക്ക് ഉത്തേജനം ഉണ്ടാകൂ. കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം വളർത്തിയെടുക്കാൻ കഴിയുന്നു.
ആറു മാസം വരെ മുലപ്പാൽ മാത്രം കൊടുത്ത് കുഞ്ഞിനെ പരിപാലിക്കണം. മാനസിക സംഘർഷത്താലും വിവിധ അസുഖങ്ങൾ കൊണ്ടും ചില മരുന്നുകളുടെ അമിതോപയോഗംകൊണ്ടും മുലപ്പാൽ കുറയുന്ന അമ്മമാരിൽ വൈദ്യനിർദേശ പ്രകാരം സ്തന്യവർധനമായ ഔഷധങ്ങൾ സേവിച്ച് കുഞ്ഞിന് മുലയൂട്ടുന്നതാണ് ഉത്തമം.
മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം
ഒരു സമയം ഒരു സ്തനത്തിലെ മുഴുവൻ പാലും കുടിച്ചു കഴിഞ്ഞാൽ മാത്രമേ അടുത്ത സ്തനത്തിലേക്ക് കുഞ്ഞിനെ മുലയൂട്ടേണ്ടതുള്ളൂ. അല്ലെങ്കിൽ രണ്ടു സ്തനത്തിൽനിന്നും ആദ്യം വരുന്ന വെള്ളം മുതൽ അടങ്ങിയ പാൽ മാത്രമേ കുഞ്ഞിനു കിട്ടുകയുള്ളൂ. പോഷകമൂല്യമുള്ള പാലിെൻറ അംശം ലഭിക്കാതെവരുകയും കുഞ്ഞ് ശോഷിച്ചു പോകാനും ഇടവരുന്നു.
മുലപ്പാലിെൻറ ഗുണം
മുലപ്പാലിൽ 80 ശതമാനം ജലാംശമുള്ളതിനാൽ മുലപ്പാൽ യഥേഷ്ടം ലഭിക്കുന്ന കുഞ്ഞിന് ആദ്യമാസങ്ങളിൽ വേറെ വെള്ളം പോലെയുള്ളവ കൊടുക്കേണ്ട ആവശ്യം വരുന്നില്ല.
മുലപ്പാൽ കുടിച്ചതിനുശേഷം രണ്ടു മുതൽ നാലു മണിക്കൂർ നേരം കുട്ടി സുഖമായുറങ്ങുകയും ആവശ്യത്തിന് മൂത്രമൊഴിക്കുകയും പ്രായത്തിനനുസരിച്ച് തൂക്കം വെക്കുകയും ചെയ്യുന്നുവെങ്കിൽ കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. ഓരോ തവണ മുലയൂട്ടിയതിനു ശേഷവും കുഞ്ഞിനെ തോളിൽ കിടത്തി മുതുകിൽ തട്ടി വായു പുറത്തേക്ക് കളയേണ്ടതാണ്. രണ്ടു വയസ്സുവരെ മുലപ്പാൽ നൽകുന്നതാണ് ഉത്തമം.
മുലപ്പാലിനു തുല്യമായി പകരംവെക്കാൻ വേറൊന്നും ഇല്ലെങ്കിലും അമ്മക്ക് മുലപ്പാൽ കുറയുകയോ മുലപ്പാൽ കൊടുക്കാൻ സാധിക്കാതെ വരുകയോ ചെയ്യുകയാണെങ്കിൽ പകരമായി ആട്ടിൻപാലോ പശുവിൻപാലോ പ്രത്യേക രീതിയിൽ തയാറാക്കി നൽകുകയാണ് ചെയ്യുന്നത്. പുത്തരിച്ചുണ്ട വേരോ ഓരില വേരോ ചതച്ച് കിഴികെട്ടിയിട്ട് നാലിരട്ടി വെള്ളവും ചേർത്ത് കുറുക്കിയ പാലിൽ കൽക്കണ്ടം ചേർത്ത് കൊടുക്കാം.
കുട്ടികളുടെ സ്ഥാനവിധി
ആരോഗ്യത്തോടെ തികഞ്ഞു പ്രസവിച്ച കുഞ്ഞിനെ ജനിച്ച ശേഷം 2-6 മണിക്കൂർ കഴിഞ്ഞ് കുളിപ്പിക്കാം. ശരീരഭാരം, കാലാവസ്ഥ, ആരോഗ്യസ്ഥിതി ഇവക്കനുസരിച്ച് സമയം ക്രമീകരിക്കേണ്ടതായി വരുന്നു. ചെറുചൂടുള്ള വെള്ളത്തിലോ നാൽപാമരത്തൊലി, ചന്ദനം, രാമച്ചം, കൊട്ടം, ത്രിഫല മുതലായവയിലേതെങ്കിലും ഒന്ന് ഇട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെയോ ഉപയോഗിക്കുന്നത് ഉത്തമമാണ്. തലയിൽ തിളപ്പിച്ചാറിയ വെള്ളമോ ശുദ്ധജലമോ ഉപയോഗിക്കാം.
തലയിലും ദേഹത്തും തേക്കുന്നതിന് വരട്ടു നാളികേരപ്പാലോ വെന്ത വെളിച്ചെണ്ണയോ ആണ് ആദ്യ നാളുകളിൽ ഉത്തമം. പിന്നീട് കുഞ്ഞിെൻറ ആരോഗ്യത്തിനും അവസ്ഥക്കും അനുസരിച്ച് ലാക്ഷാദിതൈലം, ബലാശ്വഗന്ധാരി തൈലം, ചെമ്പരത്യാദി കേരതൈലം മുതലായവ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഏലാദികേര തൈലം, നാൽപാമരാദി കേരതൈലം തുടങ്ങിയവ തേച്ച് ദിവസേന കുളിപ്പിക്കുന്നത് ത്വഗ്രോഗങ്ങൾ അകറ്റാനും ശരീരത്തിെൻറ നിറം കൂട്ടാനും സഹായിക്കുന്നു. സോപ്പിനു പകരം നെല്ലിക്കപ്പൊടി, കടലപ്പൊടി, ചെറുപയർ പൊടി ഇവ കുഞ്ഞിെൻറ ത്വക്കിെൻറ ഘടനയനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.
പ്രതിരോധ കുത്തിവെപ്പുകള്‍
ഇത്തരം കുത്തിവെപ്പുകൾ അനേകം വർഷങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത രോഗപ്രതിരോധ മാർഗങ്ങളാണ്. സമയക്രമം അതിെൻറ നെടുംതൂണാണ്. അതു തെറ്റാതിരിക്കാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ രീതിയിലുള്ള ജലദോഷമോ പനിയോ ഒന്നും കുത്തിവെപ്പുകൾ എടുക്കുന്നതിന് ബാധകമല്ല.
രോഗപ്രതിരോധം ആയുര്‍വേദത്തിലൂടെ
പ്രാശം, ലേഹനം, പ്രാകാരയോഗങ്ങൾ മുതലായ പേരുകളിൽ ഇവ വിവരിക്കുന്നു. കാശ്യപ സംഹിതയിൽ ഇവയെക്കുറിച്ച് വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ബുദ്ധിശക്തി, ധാരണ ശക്തി, ഓർമശക്തി ഇവയെ വർധിപ്പിക്കുന്നതിനുമാണ് ഇവ കൂടുതലായും വിശേഷിപ്പിക്കുന്നത്.
പ്രാശം ജനിച്ച ഉടെയും ലേഹനം ആറു മാസം മുതൽ ഒരു വർഷം വരെയും പ്രാകാരയോഗങ്ങൾ കൗമാരപ്രായം എത്തുന്നതുവരെയും കൊടുക്കാനാണ് നിർദേശിക്കുന്നത്. തേൻ, സ്വർണം, നെല്ലിക്കപ്പൊടി, നെയ്യ്, വയമ്പ്, ശംഖുപുഷ്പം മുതലായവയുടെ സംയോഗങ്ങളും അവയുടെ പ്രത്യേക രീതിയിലുള്ള ഉപയോഗങ്ങളുമാണ് ഇവയിൽ പ്രതിപാദിക്കുന്നത്.
സ്തന്യാപനയനം
മുലപ്പാൽ കൂടാതെ മുലപ്പാലിെൻറ കൂടെ തന്നെ കട്ടിയുള്ള മറ്റ് ആഹാരങ്ങൾ ശീലിപ്പിക്കുന്നതിനെയാണ് ആയുർവേദത്തിൽ സ്തന്യാപനയനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
യഥേഷ്ടം മുലപ്പാലുള്ള അമ്മമാർക്ക് 4-6 മാസം വരെ കുഞ്ഞിെൻറ പോഷണത്തിനുവേണ്ടി വേറെ ഒന്നും ആലോചിക്കേണ്ടതായി വരില്ല. എന്നാൽ, ആറു മാസത്തിനുശേഷം കുഞ്ഞിെൻറ അംഗങ്ങളുടെ വളർച്ച കൂടും.ഒപ്പം കുഞ്ഞുങ്ങൾ ഉണർന്നിരിക്കുന്ന സമയം കൂടുകയും അതിനനുസരിച്ച് ആക്ടിവിറ്റീസ് കൂടുകയും എനർജി കൂടുകയും ചെയ്യുന്നു. ഈ സമയത്ത് മുലപ്പാൽ മാത്രം വിശപ്പകറ്റാൻ മതിയാകാതെവരും. കൂടാതെ മുലപ്പാലിൽ ഇരുമ്പിെൻറ അംശം തീരെ കുറവാണ്. ജനിക്കുമ്പോൾ ആറു മാസത്തേക്കുള്ള ഇരുമ്പിെൻറ അംശം കുഞ്ഞിെൻറ ശരീരത്തിൽ ഉണ്ടായിരിക്കുമെന്നതിനാൽ ആറു മാസം വരെ വിളർച്ച ഉണ്ടാകുന്നില്ല. എന്നാൽ, ആറു മാസത്തിനു ശേഷവും മുലപ്പാൽ മാത്രം നൽകുന്ന കുഞ്ഞുങ്ങളിൽ വിളർച്ച ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആയുർവേദത്തിൽ പല്ലു മുളച്ചുതുടങ്ങുമ്പോഴാണ് കട്ടിയുള്ള കുറുക്കുകൾ കൊടുക്കാൻ നിർദേശിക്കുന്നത്. കാശ്യപസംഹിതയിൽ കട്ടിയുള്ള ആഹാരങ്ങൾ കൊടുത്തുതുടങ്ങുന്നതിനുമുമ്പ് പഴഞ്ചാറുകൾ കൊടുത്തു ശീലിപ്പിക്കാൻ നിർദേശിക്കുന്നു. പഴങ്ങളിൽ മുന്തിരിങ്ങയും മാതളനാരങ്ങയുമാണ് ഉത്തമം. കുറുക്ക് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ആദ്യം തന്നെ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഒന്നിച്ച് പൊടിച്ച് കുറുക്കി കൊടുക്കരുത്. ഇത് കുഞ്ഞിെൻറ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഓരോ ധാന്യങ്ങൾ വീതം പൊടിച്ച് കുഞ്ഞിനു ശീലിപ്പിച്ചതിനുശേഷം ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ചേർത്ത് പൊടിച്ച് പാലിലോ വെള്ളത്തിലോ യുക്തിക്കനുസരിച്ച് കുറുക്കി കൊടുക്കാം. എപ്പോഴും മധുരം ചേർത്തുവേണം കൊടുക്കാൻ.
ദഹനത്തിനനുസരിച്ച് ഉരുളക്കിഴങ്ങ്, ആപ്പിൾ തുടങ്ങിയവ ആവിയിൽ വേവിച്ച് ഉടച്ച് കഴിക്കാൻ കൊടുക്കാം. ദാഹത്തിന് കഞ്ഞിവെള്ളം, തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം, ചെറുചൂടുവെള്ളം മുതലായവ ആവശ്യാനുസരണം കൊടുക്കാവുന്നതാണ്. പഴവർഗങ്ങൾ കൂടാതെ ഉമി കളഞ്ഞ് ശുദ്ധമാക്കിയ ഗോതമ്പ്, ഞവരയരി, യവം, ചെന്തല്ലരി ഇവയിലേതെങ്കിലും കഞ്ഞി വെച്ച് നെയ്യും കൽക്കണ്ടവും ചേർത്ത് കുറുക്കിക്കൊടുക്കാം.
കുറുക്കു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
കുറുക്കു കൊടുത്തുതുടങ്ങുന്ന ആദ്യ ദിനങ്ങളിൽ വളരെ നേർമയോടെ അധികം കുറുക്കാതെ വേണം തയാറാക്കാൻ. പിന്നീടങ്ങോട്ട് കുഞ്ഞിെൻറ ദഹനസ്ഥിതിക്കനുസരിച്ച് കുറുക്ക് കട്ടികൂട്ടാം. ഇങ്ങനെ ഒരു ദിവസത്തിൽ ഒരു തവണയായും പിന്നീട് രണ്ടു തവണയായും കുഞ്ഞിെൻറ ആവശ്യത്തിനനുസരിച്ചും എണ്ണം കൂട്ടാവുന്നതാണ്. വൈകീട്ട് ആറു മണിക്കു ശേഷം കട്ടിയുള്ള ആഹാരങ്ങൾ കൊടുക്കുന്നത് ഉചിതമല്ല. പല്ല് മുളക്കുന്ന സമയമായതിനാൽ കുഞ്ഞിന് വളരെയധികം രോഗങ്ങൾ വരാൻ സാധ്യത കൂടുതലുള്ള സമയമാണിത്. ഈ സമയത്ത് കുഞ്ഞിന് കൊടുക്കുന്ന ആഹാരങ്ങളിൽ വളരെയധികം നിഷ്കർഷ പാലിക്കേണ്ടതാണ്.
ഒരു വയസ്സാകുമ്പോൾ മുതിർന്നവർ കഴിക്കുന്ന എല്ലാ ആഹാരങ്ങളും വളരെ മിതമായ അളവിൽ ദഹനക്കേടുണ്ടാക്കാത്ത രീതിയിൽ നൽകാവുന്നതാണ്. ഈ സമയമത്രയും മുലപ്പാലും കൂടെ കൊടുക്കേണ്ടതാണ് എന്ന കാര്യം മറന്നുപോകരുത്.
ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്തതും ശരിയായ ദഹനമില്ലായ്മയും ആറു മാസത്തിനു ശേഷമാണ് കുഞ്ഞുങ്ങളിൽ കൂടുതലായും കണ്ടുവരുന്നത്. കുഞ്ഞുങ്ങൾ പുതിയ ആഹാരരീതിയുമായി പൊരുത്തപ്പെടാത്തതു കൊണ്ടാണ് ഭക്ഷണം കഴിക്കാൻ മടികാണിക്കുന്നത്. ഇങ്ങനെയുള്ളവരിൽ ആഹാരത്തിെൻറ രുചി മാറ്റി കൊടുക്കുകയാണ് ഉത്തമം.
കളിസ്ഥലങ്ങളും കളിക്കോപ്പുകളും
കുട്ടികൾ കളിക്കുന്ന സ്ഥലങ്ങൾ ഏറ്റവും വൃത്തിയുള്ളതും അണുമുക്തവുമായിരിക്കണം. ഇതിനായി ഗുൽഗുലു, കടുക്, വയമ്പ്, കുന്തിരിക്കം എന്നിവ പുകക്കുകയും ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് തറ കഴുകി ഉണക്കുകയും ചെയ്യേണ്ടതാണ്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവരുടെ വളർച്ചയുടെ പടവുകൾ ശ്രദ്ധിക്കുന്നത് ബുദ്ധിവികാസത്തിനും വ്യക്തിത്വ വികസനത്തിനും സഹായിക്കും. ഇവ കുട്ടിയുടെ വായിലോ മൂക്കിലോ ചെവിയിലോ കയറിപ്പോകാത്തതും മൂർച്ചയുള്ള അഗ്രങ്ങൾ ഇല്ലാത്തവും കുഞ്ഞിനെ അപായപ്പെടുത്തുന്ന രീതിയിലുള്ളതുമായിരിക്കരുത്.
രോഗങ്ങളും ചികിത്സയും
- കുഞ്ഞ് ജനിച്ച ഉടനെ തലയുടെ രൂപത്തിൽ വ്യത്യാസം കാണാറുണ്ട്. അതിൽ വിഷമിക്കേണ്ട കാര്യമില്ല. അത് താനെ മാറിവരും.
- ജനിച്ച് രണ്ടാമത്തെ ദിവസം മുതൽ ചിലരിൽ മഞ്ഞയുടെ അസുഖം കാണുന്നു. രാവിലത്തെ ഇളംവെയിൽ കൊള്ളിക്കുക. മഞ്ഞനിറം കൂടുതലാണെങ്കിൽ വൈദ്യ ഉപദേശം തേടണം.
- ജനിച്ച് 6-7 ദിവസത്തിനുള്ളിൽ പൊക്കിൾക്കൊടി ഉണങ്ങി വീണുപോകും.
- പൊക്കിളിൽനിന്ന് വല്ല സ്രവങ്ങളോ വല്ലാത്ത മണമോ അനുഭവപ്പെടുന്നുവെങ്കിൽ വൈദ്യനിർദേശം തേടണം.
- ചില കുഞ്ഞുങ്ങളിൽ ഒരാഴ്ച കഴിയുമ്പോൾ മണൽത്തരി പോലെ ദേഹത്തു പൊങ്ങിവരാറുണ്ട്. പനിയില്ലെങ്കിൽ നാൽപാമരമിട്ട തിളപ്പിച്ച വെള്ളംകൊണ്ട് കഴുകാം.
- കൈയിലെയും കാലിെൻയും കഴുത്തിെൻറയും മടക്കുകളിൽ കണ്ടുവരുന്ന ചുവപ്പുനിറത്തിന് നന്നായി വെള്ളം ഒപ്പിയെടുത്തശേഷം ശതധൗതഘൃതം പുരട്ടുന്നത് നല്ലതാണ്.
സ്തന്യദുഷ്ടി
അമ്മയുടെ സ്തന്യം പല കാരണങ്ങളാൽ ദുഷിച്ചാൽ കുഞ്ഞിന് മലബന്ധം, വയർ വീർപ്പ്, അതിസാരം, ഛർദി മുതലായ അസുഖങ്ങൾ വരാം. സ്തന്യദുഷ്ടി ഉണ്ടോയെന്ന് പരിശോധിച്ച് അമ്മ അതിനു വേണ്ട ഔഷധങ്ങൾ വൈദ്യനിർദേശാനുസരണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
മലബന്ധം
മലം പോകാതിരിക്കുന്ന സമയത്ത് കടുക്കത്തോട് വെള്ളത്തിൽ ചാലിച്ച് മുലക്കണ്ണിന്മേൽ തേച്ചശേഷം മുലയൂട്ടണം. ആവണക്കെണ്ണയും ഇപ്രകാരം ചെയ്യാവുന്നതാണ്. ഉണക്കമുന്തിരി നന്നായി കഴുകി തലേദിവസം രാത്രി വെള്ളത്തിൽ ഇട്ടുവെച്ച് പിറ്റേന്ന് രാവിലെ ഞരടി പിഴിഞ്ഞെടുത്ത് പഞ്ചസാരയും മുലപ്പാലും ചേർത്തു കൊടുക്കുന്നത് മലബന്ധത്തിന് വളരെ നല്ലതാണ്.
അതിസാരം
കുഞ്ഞിന് മലം അധികമായി ഇളകിപ്പോയാൽ അതിവിടയം പൊടിച്ച് തേനിൽ ചാലിച്ച് കൊടുക്കാം
വൈകുന്നേരങ്ങളിലെ കരച്ചില്
കുഞ്ഞുങ്ങൾ ഒരു കാരണവും കൂടാതെ വൈകുന്നേരങ്ങളിൽ കരഞ്ഞു കാണുന്നു. ചിലപ്പോൾ വയറുവേദന കൊണ്ടോ മറ്റ് അസ്വസ്ഥതകൾ കൊണ്ടോ ആകാം. വയർ വീർത്ത് വയറ്റിനകത്തുനിന്നും പൊട്ടുപൊടുപ്പ് അനുഭവപ്പെടുന്നു എങ്കിൽ കമിഴ്ത്തി കിടത്തി മുതുകിൽ തട്ടിക്കൊടുത്താൽ ആശ്വാസമാകും.ദിവസേന കരയുന്നുവെങ്കിൽ കുഞ്ഞിനെ കിടത്തുന്ന സ്ഥലം സന്ധ്യാനേരത്ത് കൊട്ടം, വയമ്പ്, ഗുൽഗുലു, കുന്തിരിക്കം മുതലായവ കൊണ്ട് പുകക്കുന്നത് നന്നായിരിക്കും.
ഡോ. നസീമ പി.കെ
അസോസിയേറ്റ് പ്രൊഫസർ
വി.പി.എസ്.വി ആയുർവേദ കോളജ്
കോട്ടക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.